അമ്പലപ്പുഴയിലെ തോൽവി പാർട്ടിക്ക് കനത്ത തിരിച്ചടിയാകും…. ജി. സുധാകരനെതിരെ കേഡർമാരോട് ജാഗ്രത പാലിക്കാൻ എം.വി. ഗോവിന്ദൻ

അമ്പലപ്പുഴ മണ്ഡലത്തിൽ ജി. സുധാകരന്റെ സ്ഥാനാർത്ഥിത്വം സിപിഐഎമ്മിന് വലിയ വെല്ലുവിളിയാകുന്നു. അമ്പലപ്പുഴയിൽ തോൽവി സംഭവിച്ചാൽ അത് പാർട്ടിക്കുണ്ടാക്കുന്ന ആഘാതം ചെറുതല്ലെന്നും കേഡർ വോട്ടുകൾ ഒന്നുപോലും ചോരാതെ സൂക്ഷിക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മുന്നറിയിപ്പ് നൽകി.
ജി. സുധാകരൻ വർഗ്ഗീയ ശക്തികളുടെ പിന്തുണയോടെയാണ് മത്സരിക്കുന്നതെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. ആർഎസ്എസ്, എസ്ഡിപിഐ വോട്ടുകൾ സമാഹരിക്കാൻ യുഡിഎഫ് നേതാക്കൾ ചർച്ചകൾ നടത്തുന്നുണ്ടെന്നും പാർട്ടി കോട്ടകളിൽ വിള്ളൽ വീഴ്ത്താനുള്ള തന്ത്രം തിരിച്ചറിയണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ എണ്ണായിരത്തിലധികം വോട്ടുകൾ നേടിയ എസ്ഡിപിഐ ഇത്തവണ സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ല. ഈ വോട്ടുകൾ എങ്ങോട്ട് മറിയും എന്നത് ജയപരാജയങ്ങളെ നിർണ്ണയിക്കുന്ന പ്രധാന ഘടകമാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
സുധാകരനെ പ്രതിരോധിക്കാൻ വമ്പൻ പ്രചാരണ പരിപാടികളാണ് എൽഡിഎഫ് ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ഏപ്രിൽ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് അമ്പലപ്പുഴയിലെത്തി പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. അതേസമയം, മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ജി. സുധാകരൻ പ്രതികരിക്കുന്നത്. മുഖ്യമന്ത്രി നിലവാരമില്ലാതെയാണ് സംസാരിക്കുന്നതെന്നും ജനങ്ങൾക്ക് ഹിതകരമായ കാര്യങ്ങൾ മാത്രമേ അദ്ദേഹം പറയാവൂ എന്നും സുധാകരൻ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു.



