സീൽ വിവാദത്തിൽ കേന്ദ്രത്തിന് പരാതി…. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ മാറ്റണമെന്ന് ബിജെപി…. കമ്മീഷനെതിരെ ആഞ്ഞടിച്ച് നേതൃത്വം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സർക്കുലറിൽ ബിജെപിയുടെ സീൽ പതിച്ച സംഭവത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി. സംഭവത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ സിപിഎമ്മിന്റെ ‘ബി ടീം’ ആയി പ്രവർത്തിക്കുകയാണെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് ആരോപിച്ചു.

ബിജെപിയുടെ സീൽ സർക്കുലറിൽ പതിപ്പിച്ചത് പാർട്ടിയെ പഴിചാരാനുള്ള ബോധപൂർവ്വമായ ശ്രമമാണെന്ന് ബിജെപി ആരോപിക്കുന്നു. കത്തയച്ച ഉദ്യോഗസ്ഥൻ എൻജിഒ യൂണിയൻ നേതാവാണെന്നും ഇയാൾക്കെതിരെയാണ് നടപടിയെടുത്തതെന്നും പാർട്ടി ചൂണ്ടിക്കാട്ടി. സർക്കുലർ അയച്ച ജയ്സൽ പി. അസീസ് എന്ന ഉദ്യോഗസ്ഥന് ഡിവൈഎഫ്ഐ, എസ്എഫ്ഐ ബന്ധമുണ്ടെന്നും ഇയാളെ മനഃപൂർവ്വം ഡ്യൂട്ടിക്ക് നിയോഗിച്ചതാണെന്നും ബിജെപി ആരോപിച്ചു. എൻജിഒ യൂണിയൻ സഖാക്കൾ കമ്മീഷന്റെ പ്രവർത്തനങ്ങളെ അട്ടിമറിക്കുകയാണെന്ന് എസ്. സുരേഷ് പറഞ്ഞു.

തൊഴിൽ മന്ത്രി മത്സരിക്കുന്ന നേമത്ത് അതേ വകുപ്പിലെ ലേബർ ഓഫീസറെ റിട്ടേണിംഗ് ഓഫീസറായി നിയമിച്ചതിനെ ബിജെപി ചോദ്യം ചെയ്തു. ഇത്തരം ക്രമക്കേടുകൾ കാണാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് സാധിക്കുന്നില്ലേയെന്നും പാർട്ടി വിമർശിച്ചു. വിഷയത്തിൽ ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. വിവാദത്തിൽപ്പെട്ട ഉദ്യോഗസ്ഥരെ ഉടൻ മാറ്റണമെന്നാണ് പാർട്ടിയുടെ ആവശ്യം. ബിജെപിയുടെ സീൽ മാത്രം തിരഞ്ഞുപിടിച്ച് എങ്ങനെ സർക്കുലറിൽ വന്നു എന്നതിൽ ദുരൂഹതയുണ്ടെന്നും പാർട്ടി വക്താക്കൾ പറഞ്ഞു.

Related Articles

Back to top button