ആഘോഷപൂർവ്വം ഉദ്ഘാടനം… അകത്ത് തീരാത്ത പണികൾ…. വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്ക് ഇനിയും കാത്തിരിപ്പ്

വയനാട് ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന ടൗൺഷിപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ച് ഒരു മാസം പിന്നിട്ടിട്ടും ഇന്നും കുടുംബങ്ങൾക്ക് അവിടെ താമസിക്കാൻ കഴിഞ്ഞിട്ടില്ല. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതാണ് പുനരധിവാസം വൈകാൻ കാരണം. ഏപ്രിൽ മാസത്തോടെ എല്ലാ കുടുംബങ്ങൾക്കും താമസം ഉറപ്പാക്കുമെന്ന സർക്കാർ വാഗ്ദാനം ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

മാർച്ച് ഒന്നിന് വലിയ ആഘോഷങ്ങളോടെയാണ് ടൗൺഷിപ്പ് ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ടത്തിൽ 178 കുടുംബങ്ങൾക്ക് താമസിക്കാമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കൈമാറിയ വീടുകളുടെ പോലും പണികൾ ഇതുവരെ പൂർത്തിയായിട്ടില്ല. നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിൽ 2300 ഓളം തൊഴിലാളികൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഉദ്ഘാടനത്തിന് ശേഷം തൊഴിലാളികളുടെ എണ്ണത്തിൽ വൻ കുറവുണ്ടായി. ഇത് നിർമ്മാണ വേഗതയെ കാര്യമായി ബാധിച്ചു. ആവശ്യത്തിന് നിർമ്മാണ വസ്തുക്കൾ ലഭിക്കാത്തത് മൂലം ഉപകരാർ എടുത്ത കമ്പനികൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. പണി എപ്പോൾ തീരും എന്ന കാര്യത്തിൽ അധികൃതർ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

പണികൾ ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തിൽ വരാനിരിക്കുന്ന മഴക്കാലം വലിയ ആശങ്കയാണ് ഉയർത്തുന്നത്. മഴ ശക്തമായാൽ പുറത്തെ പണികൾ ഇനിയും വൈകാൻ സാധ്യതയുണ്ട്. ഉദ്ഘാടന സമയത്ത് പണികൾ ഉടൻ പൂർത്തിയാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നെങ്കിലും നിലവിലെ സാഹചര്യം ദുരന്തബാധിതരെ കൂടുതൽ ദുരിതത്തിലാക്കുകയാണ്. പുനരധിവാസം വേഗത്തിലാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.

Related Articles

Back to top button