മയക്കുമരുന്ന് വേട്ടയിൽ കുടുങ്ങി സന്തോഷ് ട്രോഫി മുൻ താരം… നജീബ് ഖാനെ ടൈറ്റാനിയത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: ഹോട്ടല്‍ മുറികള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടത്തിന്റെ പേരിൽ അറസ്റ്റിലായ സന്തോഷ് ട്രോഫി മുൻ താരം നജീബ് ഖാനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിലെ സൂപ്രണ്ട് സ്ഥാനത്ത് നിന്നാണ് നജീബ് ഖാനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. സ്ഥാപനത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മാനേജ്മെന്റിന്റെ ഈ നടപടി.
ഹോട്ടൽ മുറികൾ കേന്ദ്രീകരിച്ച് എംഡിഎംഎ വില്പന നടത്തിയതിനാണ് നജീബ് ഖാനെ നർക്കോട്ടിക് സ്ക്വാഡ് കഴിഞ്ഞ ദിവസം പിടികൂടിയത്. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നജീബ് ഖാനെ അറസ്റ്റ് ചെയ്തത്. മൊബൈൽ ആപ്പ് വഴി ആവശ്യക്കാരെ കണ്ടെത്തി ഹോട്ടലുകളിൽ വെച്ച് ലഹരിമരുന്ന് കൈമാറുന്നതായിരുന്നു ഇയാളുടെ രീതി. സമൂഹത്തിലെ പ്രമുഖർ ഉൾപ്പെടെ ഇയാളിൽ നിന്ന് മയക്കുമരുന്ന് വാങ്ങാറുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
പോലീസ് നടപടിക്ക് പിന്നാലെ നജീബ് ഖാൻ ജോലി ചെയ്തിരുന്ന ടൈറ്റാനിയം അധികൃതർ ഇയാൾക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുകയായിരുന്നു. അന്വേഷണം പൂർത്തിയാകുന്നത് വരെയാണ് സസ്പെൻഷൻ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹോട്ടൽ മുറികളിൽ സ്ക്വാഡ് അംഗങ്ങളെ വിന്യസിച്ച് ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് ലഹരിമരുന്നുമായി ഇയാളെ കൈയോടെ പിടികൂടിയത്. കേസിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്ന് പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.



