ഇന്ധനവിലയിൽ വൻ വർധനയുമായി നയാര എനർജി… പെട്രോളിന് 5 രൂപയിലധികം കൂട്ടി..

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാര എനർജി പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 5 രൂപ 30 പൈസയും ഡീസലിന് 3 രൂപയുമാണ് വർധിപ്പിച്ചത്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുദ്ധസമാനമായ സാഹചര്യവും വിതരണ ശൃംഖലയിലെ തടസ്സങ്ങളും ഇന്ധനവിലയെ ബാധിക്കുമെന്ന ആശങ്കകൾക്കിടയിലാണ് ഈ നീക്കം.
ഇന്ത്യയിലുടനീളമുള്ള നയാര പമ്പുകളിൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. പ്രീമിയം പെട്രോളിന് പിന്നാലെയാണ് ഇപ്പോൾ സാധാരണ ഇന്ധനങ്ങളുടെയും വില വർധിപ്പിച്ചിരിക്കുന്നത്. ഇറാൻ-ഇസ്രായേൽ സംഘർഷവും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിലെ അനിശ്ചിതത്വവുമാണ് വില വർധനയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്ധനക്ഷാമം ഉണ്ടായേക്കാമെന്ന ഭീതി വിപണിയിലുണ്ട്.
രാജ്യത്ത് ആവശ്യത്തിന് ഇന്ധന ശേഖരമുണ്ടെന്നും വില വർധിപ്പിക്കേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം സർവ്വകക്ഷിയോഗത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ നയാരയുടെ ഈ തീരുമാനം മറ്റ് പൊതുമേഖലാ കമ്പനികളെയും സമാനമായ നീക്കത്തിന് പ്രേരിപ്പിക്കുമോ എന്ന ആശങ്ക ശക്തമാണ്. ഇന്ത്യയിലുടനീളം 6,500-ഓളം പെട്രോൾ പമ്പുകളാണ് നയാരയ്ക്കുള്ളത്. പ്രതിവർഷം 20 മില്യൺ ടൺ ശേഷിയുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ സിംഗിൾ സൈറ്റ് റിഫൈനറിയും നയാരയുടേതാണ്.
സ്വകാര്യ കമ്പനികൾ വില കൂട്ടുന്നത് വിപണിയിൽ വലിയ ചലനമുണ്ടാക്കും. പൊതുമേഖലാ സ്ഥാപനങ്ങളായ ഐ.ഒ.സി, ബി.പി.സി.എൽ തുടങ്ങിയവ നിലവിൽ വില കൂട്ടിയിട്ടില്ലെങ്കിലും വരും ദിവസങ്ങളിലെ ആഗോള സാഹചര്യം നിർണ്ണായകമാകും.



