അഴിമതി കോൺഗ്രസിന്റെ സംസ്കാരം… ബാർ ലൈസൻസ് ആരോപണത്തിൽ കെ.സി. വേണുഗോപാലിന് മുഖ്യമന്ത്രിയുടെ മറുപടി

കോട്ടയം: പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താ സമ്മേളനം. പ്രതിപക്ഷം നിസ്സഹായമായ അവസ്ഥയിലാണെന്നും വിമർശനമുന്നയിക്കാൻ പോലും അവർക്ക് കഴിയുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപുള്ള നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷം കടുത്ത വിമർശനം ഉയർത്തും. എന്നാൽ കഴിഞ്ഞ സമ്മേളനത്തിൽ പ്രതിപക്ഷത്തിന് വിമർശനം ഉന്നയിക്കാൻ കഴിഞ്ഞില്ല. പകരം ബഹിഷ്കരണമാണ് ഉണ്ടായത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
സാധാരണഗതിയിൽ അവസാന സമ്മേളനങ്ങളിൽ മന്ത്രിമാർക്കെതിരെ പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ സമ്മേളനത്തിൽ ആ അവസരം പ്രതിപക്ഷം ഉപയോഗിച്ചില്ല. സർക്കാരിനെതിരെ ഒരു കുറ്റപത്രം ഉറപ്പിക്കാനുള്ള അവസരവും ഉപയോഗിച്ചോ. ഇതിന് പകരം സർക്കാരിനെതിരെ നുണ പടച്ചുവിടുകയാണ്. നുണകളെ ആശ്രയിച്ചാണ് പ്രതിപക്ഷത്തിന്റെ പ്രവർത്തനം നടക്കുന്നത് എന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.
കേന്ദ്രസർക്കാർ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടും ഒപ്പം നിൽക്കേണ്ട പ്രതിപക്ഷം നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കാൻ ശ്രമിക്കുമ്പോൾ കേരളം അവയെ ഏറ്റെടുക്കുകയാണ്. അവയെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നുമുണ്ട്. കോൺഗ്രസും ബിജെപിയും സ്വീകരിച്ചു വരുന്ന നയത്തിന്റെ ഫലമായാണ് റബർ മേഖല തന്നെ പ്രതിസന്ധിയിലായത്. കോൺഗ്രസ് നയത്തിൽ നിന്നും ഒരു വ്യത്യാസവും ബിജെപിക്ക് ഇല്ല. റബർ കർഷകർക്ക് താങ്ങുവില നൽകുന്ന ഏക സംസ്ഥാനമാണ് കേരളമെന്നും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ സംസ്ഥാന സർക്കാർ തുടർച്ചയായി ഇടപെടുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിന്റെ സംസ്കാരം, നിലപാട് എന്നിവ പ്രശ്നമാകുന്ന കാര്യങ്ങൾ തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ല എന്നും അതിന് പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നല്ല ടീമുകൾ ഉണ്ടല്ലോ എന്നും മുഖ്യമന്ത്രി പരിഹസിച്ചു. പ്രതിപക്ഷ നേതാവിന്റെ അനുയായികൾക്കെതിരെ ആരോപണം വന്നപ്പോൾ ഇരകളെ അധിക്ഷേപിച്ചു. പ്രതിപക്ഷ നേതാവിന്റെ അനുമതിയോടുകൂടിയാണ് അധിക്ഷേപം നടന്നത്. എന്ത് വൃത്തികേടും വിളിച്ചു പറയുന്ന ഗൂഢ സംഘത്തെ പ്രോത്സാഹിപ്പിച്ച ആളാണ് പ്രതിപക്ഷ നേതാവ് എന്നും അദ്ദേഹം ഉപദേശിക്കുമ്പോൾ ജനം അതിനെ ഉൾച്ചിരിയോടെയാണ് കാണുക എന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നത് കപട ആത്മവിശ്വാസമാണെന്ന രമേശ് ചെന്നിത്തലയുടെ വിമർശനത്തിനും മുഖ്യമന്ത്രി മറുപടി നൽകി. തെരഞ്ഞെടുപ്പ് കഴിയട്ടെ അപ്പോൾ മനസ്സിലാകും ആരുടെ ആത്മവിശ്വാസമാണ് ശരി എന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ഞങ്ങളുടെ വിശ്വാസം ജനങ്ങളിലാണ് എന്നും അതാണ് ഞങ്ങളുടെ ആത്മവിശ്വാസം എന്നും പിണറായി പറഞ്ഞു. ബാറുകൾക്ക് ലൈസൻസ് നീട്ടി നൽകിയത് അഴിമതിയാണ് എന്ന കെസി വേണുഗോപാലിന്റെ ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകി.അത് കെസി വേണുഗോപാലിന്റെ പാർട്ടിയുടെ സംസ്കാരമാണ് എന്നാണ് മറുപടി നൽകിയത്.
അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളമെന്നും അത് എൽഡിഎഫ് ഭരിക്കുന്നത് കൊണ്ടാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് അവരുടെ സംസ്കാരം വെച്ചാണ് എൽഡിഎഫിനെ കാണുന്നത് എന്നും അതുകൊണ്ടാണ് ഇങ്ങനെ തോന്നുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
തളിപ്പറമ്പിലെ സ്ഥാനാർത്ഥിത്വത്തിൽ തന്റെ അംഗീകാരം ഇല്ല എന്ന് പറയുന്നത് തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന കമ്മിറ്റിയാണ് നടപടിയെടുക്കുന്നത്. അതിൻറെ ഭാഗമായുള്ള എല്ലാ കാര്യങ്ങളിലും ഞാനുമുണ്ട്. ടികെ ഗോവിന്ദനെ പോലുള്ളവർ വർഗ വഞ്ചകരാണ്. തീരുമാനമെടുത്ത കമ്മറ്റികളിൽ താനും ഉണ്ടായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.



