അധികാരമോഹമല്ല… അതൃപ്തി… ഭാര്യയ്ക്ക് സീറ്റ് ചോദിക്കുന്നത് മോഹമാണോ?…. ടി.കെ. ഗോവിന്ദൻ

കണ്ണൂര്‍: തനിക്ക് അധികാരമോഹമാണെന്ന മുഖ്യമന്ത്രിയുള്‍പ്പെടെയുളള ഇടത് നേതാക്കളുടെ ആരോപണത്തിന് മറുപടിയുമായി സിപിഐഎം വിട്ട ടി. കെ ഗോവിന്ദന്‍. വനിതാ സ്ഥാനാര്‍ത്ഥിയെന്ന് മണ്ഡലത്തില്‍ നിശ്ചയിച്ചാല്‍ തന്റെ പേര് എവിടെയും വരില്ലെന്നും കമ്മിറ്റികളില്‍ അതുകൊണ്ടാണ് തന്റെ പേര് വരാഞ്ഞതെന്നും ടി. കെ ഗോവിന്ദന്‍ പറഞ്ഞു. തനിക്ക് പാര്‍ലമെന്ററി വ്യാമോഹം ഉണ്ടായിട്ടില്ലെന്നും അങ്ങനെ നോക്കിയാല്‍ ഭാര്യയ്ക്ക് മത്സരിക്കണമെന്ന് പറയുന്നതും പാര്‍ലമെന്ററി വ്യാമോഹമാണെന്നും ടി. കെ ഗോവിന്ദന്‍ പറഞ്ഞു.
‘എനിക്ക് പാര്‍ലമെന്ററി വ്യാമോഹം ഉണ്ടായിട്ടില്ല. ഇഎംഎസ് പാര്‍ലമെന്ററി വ്യാമോഹത്തെ നിര്‍വഹിച്ചിട്ടുണ്ട്. അധികാരം വിട്ടുപോകരുത് എന്ന് എം. വി ഗോവിന്ദന്‍ ചിന്തിക്കാന്‍ ഒരു കാരണമുണ്ട്. അത് ദുരൂഹമാണ്. ഭാര്യയ്ക്ക് മത്സരിക്കണം എന്ന് പറയുന്നതും പാര്‍ലമെന്ററി വ്യാമോഹമാണ്. മുഖ്യമന്ത്രി കമ്മിറ്റിയില്‍ ഉണ്ടായിരുന്നെങ്കില്‍ ഈ സ്ഥിതി ഉണ്ടാവുമായിരുന്നില്ല. തളിപ്പറമ്പില്‍ ഒരു പേര് മാത്രമാണ് വന്നതെന്ന് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പാര്‍ട്ടിക്കകത്ത് അപചയത്തിനെതിരെ പൊരുതാന്‍ ശ്രമിച്ചിട്ടുണ്ട്. സിപിഐഎം തകരാന്‍ പാടില്ല. കോണ്‍ഗ്രസും സിപിഐഎമ്മും യോജിക്കുന്ന തരത്തില്‍ കേരളാ രാഷ്ട്രീയം പോകുന്നു’ : ടി. കെ ഗോവിന്ദന്‍ പറഞ്ഞു. പദപ്രയോഗത്തില്‍ ബിരുദമെടുത്തയാളാണ് എം വി ജയരാജനെന്നും ടി. കെ ഗോവിന്ദന്‍ പറഞ്ഞു.
തളിപ്പറമ്പിൽ എം. വി ഗോവിന്ദന്റെ പങ്കാളി പി. കെ ശ്യാമളയെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയതിൽ അതൃപ്തി വ്യക്തമാക്കിയാണ് ടി. കെ ഗോവിന്ദൻ പാർട്ടി വിട്ടത്. താൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രവണതകളാണ് കാണുന്നതെന്നും അതിനെ ശക്തമായി എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്‌തെങ്കിലും ആരും മാറ്റം വരുത്താന്‍ തയ്യാറായില്ലെന്നും ടി. കെ ഗോവിന്ദന്‍ പറഞ്ഞു. ഒന്നുകില്‍ ഇതിനെല്ലാം വഴങ്ങി അവിടെ നില്‍ക്കണം, അല്ലെങ്കില്‍ പുറത്തുപോകണം എന്ന അവസ്ഥയായെന്നും ഈ അനീതിയെ ചെറുത്തില്ലെങ്കില്‍ തളിപ്പറമ്പിലെ പാര്‍ട്ടി ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ടി. കെ ഗോവിന്ദന്‍ പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചത്. അടുത്ത ദിവസം തന്നെ ടി. കെ ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ജില്ലാ സെക്രട്ടറി കെ. കെ രാഗേഷ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.



