സിപിഐഎം വിട്ടുവന്ന സ്മിത സുന്ദരേശനെ സ്ഥാനാർത്ഥിയാക്കി ബിജെപി

സിപിഐഎം വിട്ടുവന്ന സ്മിത സുന്ദരേശനെ സ്ഥാനാർത്ഥിയാക്കി ബിജെപി. വർക്കലയിലാണ് സ്മിതയെ സ്ഥാനാർത്ഥിയാക്കിയത്. സ്മിതയുടെ സ്ഥാനാർത്ഥിത്വം ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതേസമയം ബിജെപിയിൽ ചേർന്നതിന് പിന്നാലെ സ്മിതയെ സിപിഐഎം പുറത്താക്കി.
ഇന്ന് വൈകിട്ടായിരുന്നു വർക്കല ബ്ലോക്ക് പഞ്ചായത്തംഗം സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നത്. പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് സ്മിത അംഗത്വം സ്വീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെച്ച ശേഷമാണ് സ്മിത ബിജെപിയിൽ ചേർന്നത്. മാരാർജി ഭവനിൽ വെച്ചായിരുന്നു സ്മിതയുടെ പാർട്ടി പ്രവേശം. ബിജെപിയിൽ അംഗത്വമെടുത്തതിന് പിന്നാലെ സിപിഐഎമ്മിനെതിരെ രൂക്ഷമായ വിമർശനമാണ് സ്മിത ഉന്നയിച്ചത്. സിപിഐഎമ്മിൽ മൂല്യച്യുതി സംഭവിച്ചെന്ന് സ്മിത പറഞ്ഞു. സ്വജനപക്ഷപതമാണ് പാർട്ടിയിൽ കാണുന്നതെന്നും മോദിയുടെ വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് ബിജെപിയിൽ ചേരുന്നതെന്നും സ്മിത പറഞ്ഞു.



