ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ലോറിയുമായി കൂട്ടിയിടിച്ചു, വനിതാ ഓവർസിയർക്ക് ദാരുണാന്ത്യം

ജോലി സ്ഥലത്തേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഇറിഗേഷൻ വകുപ്പിലെ വനിതാ ഓവർസിയർക്ക് ദാരുണാന്ത്യം. തൃശൂർ പൊയ്യ പൂപ്പത്തി ഏലൂർ സ്വദേശിനിയായ കെ ജി ശ്രീദിവ്യ (45) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ദേശീയ പാതയിലെ കരയാംപറമ്പ് സിഗ്നൽ ജംഗ്ഷനിലാണ് അപകടം നടന്നത്. അങ്കമാലിയിൽ നിന്ന് കറുകുറ്റി ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന സ്കൂട്ടറും അതേ ദിശയിൽ പോയ ലോറിയും തമ്മിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ മറിഞ്ഞ് ശ്രീദിവ്യ ലോറിയുടെ അടിയിലേക്ക് വീണു. തുടർന്ന് ലോറി കയറിയതോടെ ഗുരുതരമായി പരിക്കേറ്റു.
പരിക്കേറ്റ ശ്രീദിവ്യയെ ഉടൻ അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടമലയാർ ഇറിഗേഷൻ പ്രോജക്ടിന്റെ കറുകുറ്റി സെക്ഷനിൽ ഓവർസിയറായി ജോലി ചെയ്ത് വരികയായിരുന്നു. അങ്കമാലിയിലെ ഇടമലയാർ ക്വാർട്ടേഴ്സിലായിരുന്നു താമസം. വീട്ടിൽ നിന്ന് ഓഫീസിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. പീച്ചാനിക്കാട് ഐക്യാട്ടുകടവ് കളങ്കര കുടുംബാംഗമാണ്. ഭർത്താവ് രാധാകൃഷ്ണൻ. മക്കൾ ദേവിക, പവിത്ര.



