45 ലക്ഷം രൂപയുടെ നിക്ഷേപം, സ്വന്തമായി 78 സെന്‍റ് ഭൂമി; കമലയ്ക്ക് 60 ലക്ഷത്തിന്‍റെ നിക്ഷേപം, മുഖ്യമന്ത്രിയുടെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കുമായി ആകെ ഒരു കോടിയിലധികം രൂപയുടെ നിക്ഷേപം. ധർമ്മടം നിയമസഭാ മണ്ഡലത്തിൽ സമർപ്പിച്ച നാമനിർദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. പിണറായി വിജയന് 43.35 ലക്ഷത്തിന്റെ നിക്ഷേപവും കമലയ്ക്ക് 60.58 ലക്ഷത്തിന്റെ നിക്ഷേപവുമാണുള്ളത്. പിണറായിക്ക് 78 സെന്റ് സ്ഥലവും കമലയ്ക്ക് ഒഞ്ചിയത്ത് 17.5 സെന്റ് സ്ഥലവുമുണ്ട്. കമലയ്ക്ക് പത്ത് പവൻ സ്വർണാഭരണമുണ്ട്. ഇരുവരുടെയും പേരിൽ ബാധ്യതകൾ ഒന്നുമില്ലെന്നും പിണറായി വിജയന്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വ്യക്തമാക്കുന്നു. പിണറായിയുടെ പേരിൽ മൂന്ന് ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല.

ധർമ്മടം മണ്ഡലത്തിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പിണറായി വിജയൻ ഇന്ന് രാവിലെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത്. 11 മണിയോടെ തലശ്ശേരി സബ് റജിസ്ട്രാർ ഓഫീസിലെത്തി റിട്ടേണിങ് ഓഫിസർ സച്ചിൻ കൃഷ്ണയ്ക്ക് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. സിപിഎം നേതാക്കളായ ഇ പി ജയരാജൻ, എ എൻ ഷംസീർ, കെ കെ രാഗേഷ് തുടങ്ങിയവരും എൽഡിഎഫ് നേതാക്കളും പിണറായി വിജയനൊപ്പമെത്തിയിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പറയാനുണ്ട് പിന്നെ പറയാം എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി മടങ്ങിയത്. ധർമ്മടം നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി വൈകിട്ട് മലപ്പുറത്തേക്ക് തിരിക്കും

Related Articles

Back to top button