സ്ഥാനാർത്ഥി ലിസ്റ്റ് അൽപം താമസിച്ചാലും പോസ്റ്റർ താമസിക്കില്ല, വിസ്മയം തുടരുന്നു

ആലപ്പുഴ: കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക വൈകുന്നതിൽ പരിഹാസവുമായി എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. ഇനിയും അടി തീരാത്ത മണ്ഡലങ്ങളിലെ എല്ലാ പ്രധാന നേതാക്കളും സ്വന്തം പോസ്റ്റർ തയ്യാറാക്കി റെഡിയായി ഇരിക്കാനാണ് കോൺഗ്രസ് നിർദേശമെന്നും സ്ഥാനാർത്ഥി ലിസ്റ്റ് അൽപം താമസിച്ചാലും പോസ്റ്റർ താമസിക്കില്ലെന്നും ശിവപ്രസാദ് പറഞ്ഞു. വിസ്മയം തുടരുന്നുവെന്നും എം ശിവപ്രസാദ് പരിഗസിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു ശിവപ്രസാദിന്റെ പരിഹാസം.

കോൺഗ്രസിന്റെ രണ്ടാംഘട്ട പട്ടിക ഇന്ന് വൈകിട്ടോടെ പുറത്തിറക്കുമെന്നായിരുന്നു വിവരം. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേർന്നിരുന്നു. എട്ട് മണിയോടെ യോഗം പിരിഞ്ഞു. എന്നാൽ സ്ഥാനാർത്ഥി നിർണയത്തിൽ തീരുമാനമായില്ല. ഇതോടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി വീണ്ടും യോഗം ചേരുകയാണ്. എംപിമാർ മത്സരിക്കേണ്ടതില്ല എന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ. ഈ നിലപാടുമായി മുന്നോട്ടുപോയാൽ കെ സുധാകരൻ അടക്കം ഇടയും. ഇത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലും കോൺഗ്രസ് നേതൃത്വത്തിനുണ്ട്. നേരത്തേ സുധാകരനോട് കാത്തിരിക്കാൻ നേതൃത്വം നിർദേശിച്ചിരുന്നു. ഇന്ന് രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടാൽ കണ്ണൂർ ഒഴിച്ചിടുമെന്ന വിവരവും പുറത്തുവന്നിരുന്നു.

കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കെ സുധാകരനെ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്താത്തതിനെതിരെ സുധാകരൻ അനുയായികളുടെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ പേരാവൂരിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. കെ എസ് ബ്രിഗേഡിന്റെ പേരിലായിരുന്നു താക്കീത്. ‘നന്ദി ഇല്ലെങ്കിലും നന്ദികേട് ആവരുത് സണ്ണീ… തിരിച്ചടി നേരിടേണ്ടിവരും… ശ്രീ കെ സുധാകരന് അഭിവാദ്യങ്ങൾ’ എന്നാണ് പോസ്റ്ററിൽ പറയുന്നത്. പേരാവൂർ മണ്ഡലത്തിലെ അയ്യൻകുന്നിലാണ് പോസ്റ്റർ പതിച്ചത്. ഇന്നലെ രാത്രി കണ്ണൂർ ഡിസിസി പരിസരത്തേക്ക് കെ സുധാകരൻ അനുകൂലികളുടെ പന്തംകൊളുത്തി പ്രകടനവും നടന്നിരുന്നു. ‘കണ്ണേ കരളേ കെഎസേ, നമ്മുടെ ഓമന നേതാവെ, അല്ലറ ചില്ലറ നേതാവല്ല, ഇതാണ് നമ്മുടെ നേതാവ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടായിരുന്നു സുധാകരൻ അനുകൂലികളുടെ പ്രകടനം.

Related Articles

Back to top button