കെ സുധാകരനോട് കാത്തിരിക്കാൻ നിർദ്ദേശം; രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയിലും കണ്ണൂർ ഉണ്ടാകില്ല

കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയിലും കണ്ണൂർ ഉണ്ടായിരിക്കില്ല. രണ്ടാംഘട്ട പട്ടികയിൽ കണ്ണൂർ ഒഴിച്ചിടുമെന്നാണ് വിവരം. ഇന്ദിരാ ഭവനിൽ ചേരുന്ന കോർ കമ്മിറ്റി യോഗത്തിൽ നേതാക്കൾ ചർച്ചകൾ നടത്തുകയാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയും വിഷയം പരിശോധിക്കും. കെ സുധാകരനോട് കാത്തിരിക്കാൻ കോൺഗ്രസ് നേതൃത്വം നിർദേശം നൽകി. കോൺഗ്രസിൻ്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് തന്നെയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് മത്സരിക്കുമെന്ന ഉറച്ച നിലപാടിലാണ് കെ സുധാകരൻ. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള നീക്കങ്ങളും സുധാകരൻ തുടങ്ങിയിട്ടുണ്ട്. കണ്ണൂർ സീറ്റ് നൽകിയില്ലെങ്കിൽ സുധാകരൻ കടുത്ത നിലപാടിലേക്ക് പോകുമെന്ന് കോൺഗ്രസിന് അറിയാം. അതുകൊണ്ടുതന്നെ സുധാകരനെ അനുനയിപ്പിച്ച് ഒപ്പം നിർത്താനാണ് കോൺഗ്രസ് തീരുമാനം.

കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കെ സുധാകരനെ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്താത്തതിനെതിരെ സുധാകരൻ അനുയായികളുടെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ പേരാവൂരിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. കെ എസ് ബ്രിഗേഡിന്റെ പേരിലായിരുന്നു താക്കീത്. ‘നന്ദി ഇല്ലെങ്കിലും നന്ദികേട് ആവരുത് സണ്ണീ… തിരിച്ചടി നേരിടേണ്ടിവരും… ശ്രീ കെ സുധാകരന് അഭിവാദ്യങ്ങൾ’ എന്നാണ് പോസ്റ്ററിൽ പറയുന്നത്. പേരാവൂർ മണ്ഡലത്തിലെ അയ്യൻകുന്നിലാണ് പോസ്റ്റർ പതിച്ചത്. ഇന്നലെ രാത്രി കണ്ണൂർ ഡിസിസി പരിസരത്തേക്ക് കെ സുധാകരൻ അനുകൂലികളുടെ പന്തംകൊളുത്തി പ്രകടനവും നടന്നിരുന്നു. ‘കണ്ണേ കരളേ കെഎസേ, നമ്മുടെ ഓമന നേതാവെ, അല്ലറ ചില്ലറ നേതാവല്ല, ഇതാണ് നമ്മുടെ നേതാവ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടായിരുന്നു സുധാകരൻ അനുകൂലികളുടെ പ്രകടനം.

Related Articles

Back to top button