വീട്ടിൽ അരിപ്പൊടി വാങ്ങാനെത്തിയ ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം… ഹരിപ്പാട് മധ്യവയസ്കന്….

ഹരിപ്പാട്: വീട്ടിൽ അരിപ്പൊടി വാങ്ങാനെത്തിയ ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കന് ശിക്ഷ നൽകി ഹരിപ്പാട് അതിവേഗ പോക്സോ കോടതി. ചേർത്തല മരുത്തോർവട്ടം മിസ്പാ വീട്ടിൽ 49 വയസ്സുള്ള ഷിനോജിനെയാണ് വിവിധ വകുപ്പുകളിലായി ഒൻപത് വർഷം കഠിന തടവിനും, നാൽപ്പതിനായിരം രൂപ പിഴ അടക്കാനും ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ഹരീഷ്.ജി ഇന്ന് ശിക്ഷിച്ചത്.
മാവേലിക്കര സി.ഐ ആയിരുന്ന ശ്രീജിത്.സി രജിസ്റ്റർ ചെയ്ത കേസ്സിലാണ് വിധി വന്നിരിക്കുന്നത്. വീട്ടിൽ ചില്ലറ സാധനങ്ങളുടെ കച്ചവടം നടത്തുന്ന ഷിനോജ് അവിടെ ധാന്യപ്പൊടി വാങ്ങാനെത്തിയ ബാലികയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സബ് ഇൻസ്പെക്ടർ പി.ബി സത്യനാണ് പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ അറസ്റ്റു ചെയ്തത്. തുടർന്ന് ഈ കേസ്സിൽ വിശദമായ അന്വേഷണം നടത്തി കുറ്റ പത്രം സമർപ്പിച്ചത് ചെങ്ങന്നൂർ ഡിവൈഎസ്പി ആയിരുന്ന ബിനുകുമാർ എം.കെ ആണ്. എസ്ഐ റിജുമോൻ, ഏഎസ്ഐ രാജേഷ് കുമാർ, ഏഎസ്ഐ സജു മോൾ, സിപിഒ രമ്യ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. രഘു .എസ് ഹാജരായി.



