‘സ്ഥാനാര്‍ത്ഥി പട്ടിക വരാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് പട്ടിക പുറത്തുവരുമ്പോൾ മനസിലാകും, ജയത്തിലേക്കുള്ള പട്ടികയാണ് പുറത്തുവരാൻ പോകുന്നത്

യുഡിഎഫിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്തുവരാൻ വൈകുന്നതുമായി ബന്ധപ്പെട്ട മാധ്യമങ്ങളോട് പ്രതികരിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംപി. പുറത്തുവരാൻ പോകുന്നത് ജയത്തിലേക്കുള്ള പട്ടിക എന്നായിരുന്നു ഷാഫി പറമ്പിൽ പ്രതികരിച്ചത്. സ്ഥാനാര്‍ത്ഥി പട്ടിക വരാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് പട്ടിക പുറത്തുവന്നുകഴിഞ്ഞാൽ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. എംപിമാർ മത്സരിക്കുമെന്നും ഇല്ലെന്നുമെല്ലാം വാർത്തകൾ പുറത്തുവരുന്നുണ്ട്. സമയം ആകുമ്പോൾ അതെല്ലാം പാർട്ടി തന്നെ വ്യക്തമാകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട യുഡിഎഫിൽ തർക്കങ്ങളൊന്നുമില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. എല്ലാ കാര്യങ്ങളും പരിഗണിച്ച് വേണം തീരുമാനം എടുക്കാനെന്നും വിസ്മയങ്ങള്‍ തുടരുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. പത്ത് വര്‍ഷം കൊണ്ട് സിപിഐഎം തകര്‍ന്നെന്നും അവരുടെ നേതൃത്വം അധഃപതിച്ചെന്നും അദ്ദേഹം പറഞ്ഞു. മുഴുവന്‍ അഴിമതി എന്ന് പറയുന്നത് പ്രധാനപ്പെട്ട നേതാക്കളാണെന്നും തളിപ്പറമ്പിലെ കാര്യത്തില്‍ യുഡിഎഫ് ആലോചിച്ച് തീരുമാനമെടുക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. ആന്തൂര്‍ സാജന്റെ കൊലപാതകത്തിന് ഉത്തരവാദിയായ ആളെയാണ് സിപിഐഎം സ്ഥാനാര്‍ത്ഥിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിക്കാൻ ഒരു തിടുക്കവുമില്ലെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷം ആദ്യ പട്ടിക പ്രഖ്യാപനം നടത്താനാണ് തീരുമാനം. അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യുഡിഎഫിൽ തർക്കം രൂക്ഷമെന്നാണ് റിപ്പോർട്ട്. പല മണ്ഡലങ്ങളിലും ഭിന്നതകൾ ഉണ്ട്. തീരുമാനമായ പല മണ്ഡലങ്ങളിലൂടെ കാര്യത്തിലും ചർച്ചകൾ തുടരുകയാണ്. ആദ്യഘട്ട പട്ടിക വൈകാന്‍ കാരണം ഭിന്നാഭിപ്രായങ്ങളെന്നാണ് പുറത്തുവരുന്ന വിവരം.



