സഞ്ജു സാംസണെ ആദരിച്ച് ഗവർണർ; പദ്മനാഭസ്വാമി വിഗ്രഹവും സച്ചിന്റെ ആത്മകഥയും സമ്മാനിച്ചു

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ രാജ്ഭവനിൽ വെച്ച് ആദരിച്ചു. സഞ്ജുവിന്റെ കായിക നേട്ടങ്ങളിൽ കേരളം അഭിമാനിക്കുന്നുവെന്ന് ഗവർണർ പറഞ്ഞു. ഷാൾ അണിയിച്ച് സ്വീകരിച്ച സഞ്ജുവിന്, ശ്രീ പദ്മനാഭസ്വാമിയുടെ വിഗ്രഹവും സച്ചിൻ ടെണ്ടുൽക്കറുടെ ആത്മകഥയായ ‘പ്ലെയിംഗ് ഇറ്റ് മൈ വേ’യും കസവുമുണ്ടുമാണ് അദ്ദേഹം ഉപഹാരമായി നൽകിയത്.
സഞ്ജുവിന്റെ നേട്ടങ്ങളിൽ രാജ്യം, പ്രത്യേകിച്ച് കേരളം ഏറെ അഭിമാനിക്കുന്നതായി ഗവർണർ പറഞ്ഞു. പ്രതിഭയും പരിശ്രമവും കൊണ്ട് ലോകക്രിക്കറ്റിൽ കേരളത്തിന്റെ പേര് ഉയർത്തിപ്പിടിച്ച സഞ്ജു യുവജനങ്ങൾക്ക് പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധികളെ ധൈര്യത്തോടെ നേരിട്ട് മുന്നേറുന്ന സഞ്ജുവിന്റെ മനോഭാവം യുവതലമുറയ്ക്ക് വലിയ മാതൃകയാണ്. സമൂഹത്തിൽ നല്ല മാതൃക സൃഷ്ടിക്കുന്ന സഞ്ജുവിന് വരുംകാലങ്ങളിൽ ക്രിക്കറ്റിൽ കൂടുതൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു.
കാര്യവട്ടത്ത് ന്യൂസീലാൻഡിനെതിരായ മത്സരം കാണാൻ കുടുംബസമേതം എത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. തന്നെക്കാളും ക്രിക്കറ്റ് ഇഷ്ടപ്പെടുന്നത് ഭാര്യ അനഘയാണെന്നും, ഗോവ വനിതാ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്ന അവർ സഞ്ജുവിന്റെ വലിയ ആരാധികയാണെന്നും ആർലേക്കർ പറഞ്ഞു. ലോക്ഭവനിൽ ലഭിക്കുന്ന ഈ ആദരം വലിയ അംഗീകാരമാണെന്നും ഇതെല്ലാം ഈശ്വരാനുഗ്രഹമാണെന്നും സഞ്ജു പറഞ്ഞു. കേരള ക്രിക്കറ്റ് താരം ഫെബിനും സഞ്ജുവിനൊപ്പമുണ്ടായിരുന്നു.



