തിരഞ്ഞെടുപ്പ് കഴിയും വരെ പൊതുയോഗങ്ങളും സെമിനാറുകളും ഒഴിവാക്കാൻ തീരുമാനിച്ച് എൻഎസ്എസ്

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പൊതുയോഗങ്ങളും സെമിനാറുകളും മേഖലാ സമ്മേളനങ്ങളും നടത്തരുതെന്ന് എൻ എസ് എസ്. ഇതുസംബന്ധിച്ച് എല്ലാ കരയോഗങ്ങൾക്കും യൂണിയനുകൾക്കും എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ കർശന നിർദ്ദേശം നൽകി സർക്കുലർ പുറപ്പെടുവിച്ചു. പെരുമാറ്റച്ചട്ടം ലംഘിക്കപ്പെടുന്ന തരത്തിലുള്ള പരിപാടികൾ സംഘടനയുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് ഉറപ്പാക്കാനാണ് ഈ നീക്കം. എല്ലാ ഘടകങ്ങളും ഈ നിർദ്ദേശം കൃത്യമായി പാലിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിൽ എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരം എന്നതാണ് എൻ എസ് എസിൻറെ പ്രഖ്യാപിത നിലപാട്. നേരത്തെ എസ് എൻ ഡി പിയുമായി സാമുദായിക ഐക്യനീക്കത്തിന് എൻ എസ് എസ് സമ്മതം അറിയിച്ചിരുന്നെങ്കിലും പിന്നീട് പിൻമാറിയിരുന്നു. സമദൂരമെന്ന നിലപാടിൽ വെള്ളം ചേരാതിരിക്കാനീണ് പിന്മാറ്റം എന്നായിരുന്നു എൻ എസ് എസ് ജനറൽ സെക്രട്ടറി അന്ന് വ്യക്തമാക്കിയത്.


