വിധിയെ തോൽപ്പിച്ചു..വിവാഹദിനത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.. ആവണിക്ക് ക്ഷേത്രത്തിൽ മാംഗല്യം

ആലപ്പുഴ: വിവാഹദിനത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആവണി പുതിയ ജീവിതത്തിലേയ്ക്ക്. വിധിയെ തോൽപ്പിച്ച് ആലപ്പുഴ സ്വദേശി ആവണിയെ ജീവിതത്തിലേയ്ക്ക് ചേർത്ത് പിടിക്കുകയായിരുന്നു തുമ്പോളി വളപ്പിൽ വീട്ടിൽ വി എം ഷാരോൺ. വിവാഹ ദിനത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആവണിയെ ആശുപത്രിയിൽ വെച്ചാണ് ഷാരോൺ താലി ചാർത്തിയത്. രണ്ട് മാസത്തെ ചികിത്സയ്ക്ക് ശേഷം ഇരുവരും ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി.
കഴിഞ്ഞ വർഷം നവംബർ 21നാണ് ഇരുവരുടെയും വിവാഹം തീരുമാനിച്ചിരുന്നത്. വിവാഹ ദിവസം പുലർച്ചെ മൂന്നോടെ മേക്കപ്പിനായി കുടുംബാംഗങ്ങൾക്കൊപ്പം കുമരകത്തേക്ക് പോകുന്നതിനിടെ ആവണി സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ആവണിയെ വിദഗ്ദ ചികിത്സയ്ക്കായി എറണാകുളത്തേയ്ക്ക് മാറ്റി.
ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾ പൂർത്തിയാക്കിയ ശേഷമാണ് ക്ഷേത്ര സന്നിധിയിൽ ഇരുവരും വിവാഹിതരായത്. ചേർത്തല ബിഷപ്പ് മൂർ സ്‌കൂൾ അദ്ധ്യാപികയാണ് ആവണി. ചേർത്തല കെവിഎം കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ അസി.പ്രൊഫസറാണ് ഷാരോൺ.



