‘സീറ്റ് നൽകരുത്’…എം കെ മുനീറിന് സീറ്റ് നൽകുന്നതിനെതിരെ ഒരു വിഭാഗം മുസ്ലിം ലീഗ് പ്രവർത്തകർ…

യുഡിഎഫിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിൽ എത്തിനിൽക്കെ, മുസ്ലിം ലീഗിൽ മുതിർന്ന നേതാവ് എം. കെ. മുനീറിനെതിരെ പാർട്ടിക്കുള്ളിൽ ഒരു വിഭാഗം. ആരോഗ്യപ്രശ്നങ്ങളുള്ള മുനീറിന് ഇത്തവണ സീറ്റ് നൽകരുതെന്നും, മുനീർ ഇത്തവണ മത്സര രംഗത്തുനിന്ന് മാറിനിൽക്കണമെന്നുമാണ് സമൂഹമാധ്യമങ്ങളിലൂടെ ഒരു വിഭാഗം പ്രവർത്തകർ ഉയർത്തുന്നത്. മുനീറിന്റെ സിറ്റിംഗ് സീറ്റായ കൊടുവള്ളിക്ക് പുറമെ അദ്ദേഹം മത്സരിക്കാൻ സാധ്യതയുള്ള കോഴിക്കോട് സൗത്ത് മണ്ഡലത്തെ കേന്ദ്രീകരിച്ചും ഇത്തരത്തിൽ പ്രചാരണങ്ങൾ നടക്കുന്നുണ്ട്.
പ്രധാനമായും ഗൾഫ് രാജ്യങ്ങളിലെ ലീഗ് പ്രവർത്തകരാണ് സൈബർ പ്രചാരണത്തിന് പിന്നിലെന്നാണ് മുനീർ അനുകൂലികൾ ആരോപിക്കുന്നത്. മുനീറിനെ ബോധപൂർവ്വം മാറ്റിനിർത്താനുള്ള ആസൂത്രിത നീക്കമാണിതെന്നും അവർ കരുതുന്നു. കഴിഞ്ഞ വർഷം മുനീറിനുണ്ടായ ഹൃദയാഘാതവും തുടർന്നുണ്ടായ ശാരീരിക അവശതകളും ചൂണ്ടിക്കാട്ടിയാണ് ‘സീറ്റ് നൽകരുത്’ എന്ന പ്രചാരണം നടക്കുന്നത്. പാർട്ടിയുടെ യുവജന വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് കൂടുതൽ അവസരം നൽകണമെന്ന വാദവും ഇവർ ഇതിനോടൊപ്പം ഉയർത്തുന്നുണ്ട്.



