ജെസ്ന കേസിൽ നിർണ്ണായക നീക്കം…. എരുമേലിയിൽ സിബിഐ ഓഫീസ് തുറന്നു…

കോട്ടയം: പത്തനംതിട്ട വെച്ചൂച്ചിറയിൽനിന്ന് 8 വർഷം മുൻപു കാണാതായ കോളജ് വിദ്യാർഥിനി ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തിൽ അന്വേഷണം തുടരാൻ സിബിഐ. എരുമേലി ഗെസ്റ്റ് ഹൗസിൽ സിബിഐ ഓഫിസ് തുറന്നു. അന്വേഷണസംഘം ഇന്നെത്തും. 6 മാസത്തേക്കാണ് ഇവിടെ ഓഫിസ് പ്രവർത്തിക്കുക. കേസിന്റെ അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി 2024ൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയിരുന്നു.
കൂടുതൽ തെളിവുകൾ ലഭിച്ചാൽ തുടരന്വേഷണം നടത്താമെന്നും അന്നത്തെ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. പുതിയ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണോ അന്വേഷണസംഘം വീണ്ടുമെത്തുന്നതെന്നു വ്യക്തമല്ല. ജെസ്നയെ കാണാനില്ലെന്നു കാട്ടി 2018 മാർച്ച് 22ന് ആണു പിതാവ് വെച്ചൂച്ചിറ പൊലീസിൽ പരാതി നൽകിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷമാണു കേസ് സിബിഐയിലേക്കെത്തിയത്.
ജെസ്ന മരിച്ചതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണു നേരത്തേ കോടതിയിൽ സിബിഐ നൽകിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത്. തിരോധാനത്തിനു പിന്നിൽ മതതീവ്രവാദ സംഘടനകൾക്കു ബന്ധമില്ലെന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ജെസ്നയ്ക്ക് എന്തു സംഭവിച്ചെന്നു കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.



