പൊന്ന് കിട്ടിയെങ്കിലും മനസ്സ് മാറിയില്ല… കെഎസ്ആർടിസി ബസിൽ ലഭിച്ച സ്വർണാഭരണം അധികൃതർക്ക് കൈമാറി…. ജീവനക്കാർ മാതൃകയായി

ഹരിപ്പാട്: യാത്രയ്ക്കിടെ ബസിൽ നിന്ന് ലഭിച്ച ഒരു പവൻ തൂക്കം വരുന്ന സ്വർണാഭരണം അധികൃതർക്ക് കൈമാറി കെഎസ്ആർടിസി ജീവനക്കാർ മാതൃകയായി. ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടർ കരുനാഗപ്പള്ളി സ്വദേശി സി. വി ദീപ, ഡ്രൈവർ ചെറുതന സ്വദേശി പി. എസ് ജയൻ എന്നിവരാണ് ആഭരണം തിരിച്ച് ഏൽപ്പിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ 10ന് ഹരിപ്പാട് നിന്ന് കരുനാഗപ്പള്ളിയിലേക്കുള്ള യാത്രയ്ക്കിടെ വവ്വാക്കാവിൽ വെച്ചാണ് ദീപയ്ക്ക് ആഭരണം ലഭിച്ചത്. ബസ് കരുനാഗപ്പള്ളിയിൽ നിന്ന് മടങ്ങി ഹരിപ്പാടെത്തിയിട്ടും ആരും അന്വേഷിച്ചെത്തിയില്ല. തുടർന്ന് സ്വർണക്കടയിൽ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം ഇരുവരും ചേർന്ന് ഡിപ്പോ അധികൃതർക്ക് ആഭരണം കൈമാറുകയായിരുന്നു.
മുമ്പും സമാനമായ രീതിയിൽ തിരുവല്ലയിൽ നിന്നും ഹരിപ്പാട്ടേക്കും തിരിച്ചുമുള്ള യാത്രയ്ക്കിടെ ദീപയ്ക്ക് ആഭരണങ്ങളും വിലപിടിപ്പുള്ള രേഖകളും ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം തെളിവുകൾ ഹാജരാക്കിയ ഉടമകൾക്ക് ഇരുവരും ചേർന്ന് കൈമാറിയിട്ടുണ്ട്. കൂടാതെ, ആറുമാസം മുമ്പ് ആലപ്പുഴയിൽ നിന്ന് ഹരിപ്പാട്ടേക്കുള്ള യാത്രയ്ക്കിടെ പുന്നപ്ര ബ്ലോക്ക് ജങ്ഷനിൽ വെച്ച് രക്തസമ്മർദ്ദത്തെ തുടർന്ന് കുഴഞ്ഞുവീണ സന്ധ്യാ ബാലകൃഷ്ണൻ (45) എന്ന യാത്രക്കാരിക്ക് പ്രഥമശുശ്രൂഷ നൽകി, ബസ് അതിവേഗം ഓടിച്ച് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച അനുഭവവും ദീപയ്ക്കും ജയനുമുണ്ട്. ആഭരണം നഷ്ടപ്പെട്ടവർ തെളിവുകളുമായി ഹരിപ്പാട് കെഎസ്ആർടിസി അധികൃതരെ സമീപിക്കണം.



