വാർത്താ സമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ വി.വി. രാജേഷ് ഇറങ്ങിപ്പോയി, കലക്ടർക്കെതിരെ വിമർശനം

ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും പൊങ്കാലയിലെ മാലിന്യനീക്കം സംബന്ധിച്ച വിവാദങ്ങൾ അവസാനിക്കുന്നില്ല. പൊങ്കാലയ്ക്ക് ശേഷം മൂന്ന് ദിവസമെടുത്താണ് മാലിന്യ നീക്കം പൂർത്തിയാക്കിയതെന്ന കലക്ടറുടെ റിപ്പോർട്ടിനെതിരെ മേയർ വി.വി.രാജേഷ് രംഗത്തെത്തി. കലക്ടറെ സമ്മർദത്തിലാക്കിയാണ് സർക്കാർ റിപ്പോർട്ട് വാങ്ങിയതെന്നും മാലിന്യനീക്കം പൂർണമായെന്ന തരത്തിൽ പൊങ്കാല നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന ആർഡിഒ ആദ്യം സമർപ്പിച്ചതാണ് ശരിയായ റിപ്പോർട്ടെന്നും മേയർ പറഞ്ഞു. കലക്ടറുടെ റിപ്പോർട്ട് സംബന്ധിച്ച് ഇന്ന് വാർത്താസമ്മേളനത്തിൽ മാധ്യമങ്ങൾ ചോദ്യം ഉന്നയിച്ചെങ്കിലും മറുപടി നൽകാതെ മേയർ ഇറങ്ങിപ്പോയി. അതിനിടെ, ഈഞ്ചയ്ക്കൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തള്ളിയിരിക്കുന്ന മാലിന്യം സംസ്കരിക്കുന്നതിനെ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കോർപറേഷൻ സെക്രട്ടറിയോട് കലക്ടർ ആവശ്യപ്പെട്ടിട്ടുമുണ്ട്



