‘പാട്ടും പാടി നടന്ന് തോറ്റയാൾ’; രമ്യ ഹരിദാസിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ

മുൻ എം പി രമ്യാ ഹരിദാസിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ. രമ്യയെ ചിറയിൻകീഴിൽ മത്സരിപ്പിക്കാനുളള നീക്കത്തിനെതിരെയാണ് പ്രതിഷേധം. കോഴിക്കോട് ജില്ലക്കാരിയായ രമ്യയെ ചിറയിൻകീഴിൽ കെട്ടിയിറക്കാൻ ശ്രമിക്കുന്നുവെന്നാണ് വിമർശനം. വിഷയം ചൂണ്ടിക്കാട്ടി പ്രാദേശിക നേതാക്കൾ എഐസിസി നേതൃത്വത്തിന് പരാതി നൽകി. പട്ടികയിൽ ഇടംപിടിച്ചിരുന്ന അജിത് കുമാർ, ജി ലീന, അനൂപ്, മനോജ് മോഹൻ എന്നിവരാണ് കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയത്.
അടൂർ പ്രകാശ് എംപി തിരുവനന്തപുരത്തെ പ്രവർത്തകരുടെ വികാരം വ്രണപ്പെടുത്തുകയാണെന്നും രമ്യ ഭയന്നോടിയാണ് തിരുവനന്തപുരത്തേക്ക് എത്തുന്നതെന്നുമാണ് പരാതിയിലുള്ളത്. ഗ്രൗണ്ടിൽ ഇറങ്ങി പ്രവർത്തിക്കാതെ പാട്ടുംപാടി കറങ്ങി നടന്ന് തോറ്റയാളാണ് രമ്യാ ഹരിദാസ് എന്നുമാണ് പരാതിയിലുള്ളത്.
രമ്യാ ഹരിദാസിന് സീറ്റ് നൽകുന്നത് ജില്ലയിലെ ദളിത് പ്രവർത്തകരെ അവഹേളിക്കുന്നതിന് തുല്യമാണെന്നും സംവരണ സീറ്റിൽ ജില്ലയിലെ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും മുന്നിൽ നിന്ന നേതാക്കളെ തഴയുകയാണെന്നുമാണ് വിമർശനം. പ്രാദേശിക നേതാക്കളുടെ എതിർപ്പ് പരിഗണിക്കാതെ രമ്യയെ സ്ഥാനാർത്ഥിയാക്കുന്നത് സ്വാർത്ഥ താൽപ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നുമാണ് ആരോപണം.



