‘അരികിലുണ്ട് ചാമക്കാല’; മണ്ഡലം ഏതെന്ന് രഹസ്യം, പക്ഷേ പടം പതിച്ച 1500 ബോർഡുകൾ റെഡി; പാർട്ടി വിലക്ക് ലംഘിച്ച് ചാമക്കാലയുടെ പടയൊരുക്കം?

കെപിസിസിയുടെ കർശന നിർദ്ദേശങ്ങൾ നിലനിൽക്കെ, കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയ്ക്കായി ഫ്ലക്സ് ബോർഡുകൾ ഒരുങ്ങുന്നു. തൊടുപുഴയിലെ ഒരു നിർമ്മാണ യൂണിറ്റിൽ ഏകദേശം 1500 ബോർഡുകളാണ് ചാമക്കാലയ്ക്കായി തയ്യാറായിരിക്കുന്നത്.
“അരികിലുണ്ട് ചാമക്കാല” എന്ന വാചകമാണ് ബോർഡുകളിൽ പ്രധാനമായും ഉള്ളത്. എന്നാൽ ഏത് മണ്ഡലത്തിലേക്കാണ് മത്സരം എന്ന കാര്യം ബോർഡുകളിൽ രേഖപ്പെടുത്തിയിട്ടില്ല.
സ്ഥാനാർത്ഥികളെ പാർട്ടി നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് ആരും സ്വയം പ്രചാരണം നടത്തരുതെന്ന് കെപിസിസി നേരത്തെ അറിയിച്ചിരുന്നു. കെ. സുധാകരന്റെ കാര്യത്തിലടക്കം ഈ നിബന്ധന പാർട്ടി വ്യക്തമാക്കിയിട്ടുള്ളതാണ്.
ചാമക്കാലയെ പത്തനാപുരം മണ്ഡലത്തിൽ മത്സരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എൽഡിഎഫ് നിരയിൽ കെ.ബി. ഗണേഷ് കുമാറാണ് അവിടെ പ്രധാന എതിരാളി.



