നേമത്ത് സർപ്രൈസ്…. കോൺഗ്രസ് പട്ടികയിൽ വൈഷ്ണ സുരേഷ്….. വട്ടിയൂർക്കാവിൽ മുരളീധരൻ….

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെയും കൊല്ലത്തെയും കോണ്‍ഗ്രസിന്‍റെ സാധ്യത പട്ടിക പുറത്ത്. നേമത്ത് വൈഷ്ണ സുരേഷിനെയും വട്ടിയൂർക്കാവിൽ കെ. മുരളീധരനെയും കോവളത്ത് എം. വിന്‍സെന്‍റിനെയും അരുവിക്കരയിൽ വി. എസ് ശിവകുമാറിനെയും കാട്ടാക്കടയിൽ എം.ആര്‍ ബൈജുവിനെയുമാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. കൊല്ലത്ത് ബിന്ദു കൃഷ്ണ, കൊട്ടാരക്കരയിൽ ഐഷ പോറ്റി, ചടയമംഗലത്ത് ആര്‍. ചന്ദ്രശേഖരൻ, കുണ്ടറയിൽ പി. സി വിഷ്ണുനാഥ്, കരുനാഗപ്പള്ളിയിൽ സി. ആര്‍ മഹേഷ് പത്തനാപുരത്ത് ജ്യോതികുമാര്‍ ചാമക്കാല എന്നിവരെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ കെ സി വേണുഗോപാൽ മത്സരിച്ചാൽ കളത്തിലിറങ്ങാൻ കൂടുതൽ എംപിമാർ രംഗത്ത്. കെ സുധാകരനും, അടൂർ പ്രകാശിനും പിന്നാലെ മത്സര സന്നദ്ധതയറിയിച്ച് എം കെ രാഘവനും കൊടിക്കുന്നിൽ സുരേഷും ഷാഫി പറമ്പിലും രംഗത്തെത്തി. ഇതോടെ കടുത്ത അതൃപ്തിയുമായി സംസ്ഥാന നേതൃത്വത്തിലെ ഭൂരിപക്ഷം നേതാക്കളും രംഗത്തെത്തി. എംപിമാരെ മത്സരിപ്പിക്കേണ്ടെന്ന നിലപാട് തെരഞ്ഞെടുപ്പ് സമിതിയേയും അറിയിക്കും.
സ്ഥാനാര്‍ത്ഥി നിർണയത്തിനുള്ള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി ഇന്ന് വൈകീട്ട് ദില്ലിയില്‍ ചേരും. ഹൈക്കമാന്‍ഡ് നേതാക്കളുമായി ചര്‍ച്ച നടത്തി ആദ്യ ഘട്ട പട്ടികയില്‍ അന്തിമ ധാരണയിലെത്തും. പരമാവധി 60 സ്ഥാനാര്‍ത്ഥികളെ ആദ്യ പട്ടികയില്‍ പ്രഖ്യാപിക്കുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. എംപിമാര്‍ മത്സരിക്കുന്ന കാര്യത്തിലും ഹൈക്കമാന്‍ഡ് തീരുമാനം വന്നേക്കും. പെരുമ്പാവൂര്‍, സുല്‍ത്താന്‍ ബത്തേരി സീറ്റുകളിലും സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കട്ടെയെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്.



