നരേന്ദ്ര മോദി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ കൊച്ചിയിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കോർപ്പറേഷൻ. അനധികൃത ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റണമെന്ന് ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് ഫ്ലക്സ് ബോർഡുകൾ കൊച്ചി കോർപ്പറേഷൻ എടുത്തുമാറ്റിയിട്ടുള്ളത്. മെട്രോ പില്ലറുകൾക്ക് താഴെ സ്ഥാപിച്ച ബോർഡുകൾ ആണ് കോർപറേഷൻ നീക്കം ചെയ്തത്.

അതേസമയം, പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് വിവാദത്തിലായിരിക്കുകയാണ്. പരിപാടി സംസ്ഥാന സർക്കാർ ബഹിഷ്കരിക്കും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എംബി രാജേഷും കെ കൃഷ്ണൻകുട്ടിയും ചടങ്ങിൽ പങ്കെടുത്തേക്കില്ല. ഇന്നലെയാണ് പരിപാടിയെക്കുറിച്ചുള്ള അറിയിപ്പ്  ലഭിച്ചിട്ടുള്ളതെന്നും മണ്ഡലത്തിൽ വേറെ പരിപാടികൾ ഉള്ളതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ലെന്നുമാണ് മന്ത്രി എംബി രാജേഷ് അറിയിച്ചത്. ചടങ്ങിൽ പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്ന് മന്ത്രി കൃഷ്ണൻ കുട്ടിയും അറിയിച്ചിട്ടുണ്ട്. അതേസമയം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ദേശിയപാത ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ വിമർശനം ഉയരുകയാണ്. ഇന്ന് ഉച്ചയ്ക്ക് എറണാകുളത്ത് മോദി പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയിലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ആയിട്ടുകൂടിയും റിയാസിനെ ക്ഷണിക്കാത്തത്. ഇതിൽ പ്രതിഷേധമറിയിച്ചുകൊണ്ടാണ് ക്ഷണിക്കപ്പെട്ട മന്ത്രിമാരും പരിപാടി ബഹിഷ്കരിക്കുന്നതെന്നാണ് സൂചന.

അതേസമയം, മുസ്ലിം വോട്ടു ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ കളിയാണ് സിപിഎം നടത്തുന്നതെന്നാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്റെ ആരോപണം. പ്രോട്ടോക്കോൾ അനുസരിച്ച് മുഖ്യമന്ത്രിയെ ദിവസങ്ങൾക്ക് മുമ്പേ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിക്കൊപ്പം ആരൊക്കെ പങ്കെടുക്കണം എന്ന് അദ്ദേഹം തീരുമാനിക്കേണ്ട കാര്യമാണെന്നും. ചടങ്ങില്‍ വരണോ വേണ്ടയോ എന്ന് മുഖ്യമന്ത്രിയുടെ തീരുമാനമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കാനാണ് സിപിഎം ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button