സിപിഎമ്മിൽ തീരാത്ത ആശയക്കുഴപ്പം; എം സ്വരാജ് അല്ലെങ്കിൽ തൃപ്പൂണിത്തുറയിലാര്?

ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ, വൈപ്പിൻ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിൽ സി പി എമ്മിൽ തീരാത്ത ആശയക്കുഴപ്പം. ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിൽ ഏറെക്കുറെ സമവായത്തിലെത്തിയെങ്കിലും തൃപ്പൂണിത്തുറയിൽ ഇനിയും വൈകുകയാണ്. ഇക്കാര്യത്തിൽ ജില്ലാ കമ്മിറ്റിക്ക് ഇനിയും സമവായത്തിലെത്താനായിട്ടില്ല. കഴിഞ്ഞ തവണ മത്സരിച്ച സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജിന് പകരം തൃപ്പൂണിത്തുറയിലേക്ക് വൈപ്പിൻ എം എൽ എ കെ എൻ ഉണ്ണികൃഷ്ണനെ മത്സരിപ്പിക്കാനായിരുന്നു നീക്കം. എന്നാൽ ഇക്കാര്യത്തിൽ എറണാകുളത്തെ സി പി എമ്മിൽ അഭിപ്രായ വ്യത്യാസം ശക്തമായി. ഉണ്ണികൃഷ്ണന്റെ വിജയ സാധ്യതയിൽ ഒരു വിഭാഗം നേതാക്കൾ സംശയം പ്രകടിപ്പിച്ചു. വൈപ്പിനിലും ആശയക്കുഴപ്പം തുടരുകയാണ്. രണ്ട് സീറ്റുകളിലേയും സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ജില്ലാ സെക്രട്ടറിയേറ്റ്, സംസ്ഥാന നേതൃത്വത്തെ ചുമതലപ്പെടുത്തി.



