ഇറാൻ കപ്പലിന്റെ ദൃശ്യം പകർത്താൻ നീക്കം… കൊച്ചിയിൽ റിപ്പബ്ലിക് ടിവി മാധ്യമപ്രവർത്തകർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയില്‍ നങ്കൂരമിട്ട ഇറാന്‍ കപ്പലിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍. റിപ്പബ്ലിക് ടിവിയിലെ റിപ്പോര്‍ട്ടര്‍ ശങ്കര്‍, ക്യാമറാമാന്‍ മണി, ബോട്ട് ഡ്രൈവര്‍ വിജയകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കപ്പലിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനായി ബോട്ടില്‍ യാത്ര ചെയ്യവെ സിഐഎസ്എഫ് എത്തി സംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതീവ സുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ച് കയറിയതിനാണ് ഹാര്‍ബര്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
അതേസമയം. ഇറാന്‍ നാവികസേനയുടെ കപ്പലിന് കൊച്ചിയില്‍ അഭയം നല്‍കിയത് സുരക്ഷാകാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി കൂടി അറിഞ്ഞുകൊണ്ടാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കാബിനറ്റ് മീറ്റിങ് യോഗം ഇക്കാര്യം വിലയിരുത്തിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കപ്പലിലെ നാവികര്‍ക്ക് എല്ലാ സൗകര്യവും നല്‍കിയതായി ഇന്ത്യ ഇറാനെ അറിയിച്ചു.
സങ്കേതിക തകരാറുകളെ തുടര്‍ന്ന് മാര്‍ച്ച് നാലിനാണ് ഇറാനിയന്‍ പടക്കപ്പലായ ഐറിസ് ലവന്‍ കൊച്ചി തീരത്ത് നങ്കൂരമിട്ടത്. കപ്പലിലുണ്ടായിരുന്ന 183 ജീവനക്കാര്‍ക്ക് കൊച്ചിയിലെ നേവല്‍ ബേസില്‍ താമസസൗകര്യമൊരുക്കിയിട്ടുണ്ട്. വിശാഖപട്ടണത്തില്‍ നടക്കുന്ന നാവികാഭ്യാസത്തില്‍ പങ്കെടുത്ത കപ്പലാണ് ഐറിസ് ലവന്‍. കപ്പലിന് സാങ്കേതിക തകരാറുണ്ടെന്നും കൊച്ചി തീരത്ത് നങ്കൂരമിടാന്‍ അനുമതി നല്‍കണമെന്നും ഫെബ്രുവരി 28ന് തന്നെ ഇറാനിലെ അധികൃതര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. മാര്‍ച്ച് ഒന്നിന് കേന്ദ്ര സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കി. ഈ അനുമതിക്ക് പിന്നാലെയാണ് മാര്‍ച്ച് നാലിന് ഇറാനിയന്‍ പടക്കപ്പല്‍ ഇന്ത്യയില്‍ നങ്കൂരമിട്ടത്.



