ആര്യവൈദ്യഫാര്‍മസി സ്ഥാപകന്റെ മകളുടെ കൊലപാതകം…ഹോംനഴ്‌സിനെ കേന്ദ്രീകരിച്ച് അന്വേഷണം

ആര്യവൈദ്യഫാര്‍മസി സ്ഥാപകന്‍ പരേതനായ പി വി രാമവാരിയരുടെ മകള്‍ കസ്തൂരി ജി കുട്ടിയുടെ (83) കൊലപാതകത്തില്‍ വീട്ടുജോലിക്കാരിക്കായി തിരച്ചില്‍ ആരംഭിച്ചു പൊലീസ്. നേപ്പാള്‍ സ്വദേശിനി സുര്‍ജ റോകേയ്ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവരും മറ്റു നാലുപേരും ഒരു ബാഗുമായി വീടിന്റെ മതില്‍ ചാടിക്കടന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കോയമ്പത്തൂര്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്. കവര്‍ച്ചയ്ക്കിടെ നടന്ന കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നലെയാണ് നഞ്ചുണ്ടാപുരം റോഡിലെ വീട്ടില്‍ കസ്തൂരി ജി കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൈകാല്‍ ബന്ധിച്ച്, വായില്‍ പ്ലാസ്റ്ററൊട്ടിച്ച്, കട്ടിലില്‍ക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നഞ്ചുണ്ടാപുരം റോഡിലെ പാര്‍സണ്‍ അപ്പാര്‍ട്ട്മെന്റിലാണ് മകനൊപ്പം ഇവര്‍ താമസിച്ചിരുന്നത്. കസ്തൂരിക്ക് സഹായത്തിനാണ് ഹോം നഴ്‌സായ സുര്‍ജയെ വീട്ടില്‍ നിര്‍ത്തിയിരുന്നത്.

മകന്‍ ഡോ. രാംകുമാര്‍കുട്ടി വിദേശയാത്രയിലാണ്. വെള്ളിയാഴ്ച രാവിലെ ടിവിഎച്ച്‌നഗറില്‍ താമസിക്കുന്ന മകള്‍ ഫോണില്‍ വിളിച്ചപ്പോള്‍ മറുപടി കിട്ടാതിരുന്നതിനാല്‍ അയല്‍വാസികളെ വിവരമറിയിച്ചു. അവര്‍ വന്ന് നോക്കിയപ്പോഴാണ് സംഭവമറിയുന്നത്. തുടര്‍ന്ന്, രാമനാഥപുരം പൊലീസിനെ വിവരമറിയിച്ചു. പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ കാര്‍ത്തികേയന്‍, അസി. കമ്മിഷണര്‍ വസന്തരാജ് എന്നിവരുടെ നേതൃത്വത്തില്‍ സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

Related Articles

Back to top button