യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന് പരാതിയിൽ വമ്പൻ ട്വിസ്റ്റ്…

കൊച്ചി: മരടിൽ യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ നിർണായക വഴിത്തിരിവ്. തട്ടിക്കൊണ്ടുപോയതായി പറയപ്പെടുന്ന റിജോ എന്ന യുവാവിനെ നാലര ഗ്രാം എംഡിഎംഎയുമായി ഡാൻസാഫ് സംഘം ഇന്ന് രാവിലെ പിടികൂടി. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മരട് പോലീസ് സ്റ്റേഷനിൽ യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്.
റോഡിലൂടെ പോകുന്നതിനിടെ ഒരാളെ ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുന്നത് കണ്ടെന്നായിരുന്നു ഒരു ഡെലിവറി ബോയ് പോലീസിന് നൽകിയ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് റിജോ ഉൾപ്പെടെ നാലുപേർ പാലാരിവട്ടം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് എംഡിഎംഎയുമായി പിടിയിലായത്. സംഭവത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പിടിയിലായതിനാൽ ഇവരെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. അതേസമയം, റിജോയെ കാറിൽ കയറ്റിക്കൊണ്ടുപോയത് ആരാണെന്നും എന്തിനായിരുന്നുവെന്നുമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്. റിജോയെ തട്ടിക്കൊണ്ടുപോയതായി പറയപ്പെടുന്ന സംഘത്തെയും പോലീസ് തിരിച്ചറിയാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. ലഹരി വിൽപ്പനയ്ക്ക് പിന്നിൽ വലിയ ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിരിക്കുന്നത്.



