വെമ്പായം ബാറിലെ തീപിടിത്തം… ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു… മരണം…

തിരുവനന്തപുരം: വെമ്പായം ബാറിലുണ്ടായ തീവെപ്പ് സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. വെമ്പായം സ്വദേശി നൗഫൽ ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട മരണസംഖ്യ നാലായി. തീവെപ്പിൽ ഗുരുതരമായി പൊള്ളലേറ്റ നൗഫൽ സംഭവസ്ഥലത്തുനിന്ന് മതിൽ ചാടി രക്ഷപ്പെട്ട ശേഷം ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള പിരപ്പൻകോട് ക്ഷേത്രക്കുളത്തിൽ ചാടിയിരുന്നു. നാട്ടുകാർ ചേർന്നാണ് ഇയാളെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നൗഫലിന്റെ ശരീരത്തിൽ 50 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നുവെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്. പൊള്ളലേറ്റ ഉടൻ ചികിത്സ തേടാതെ കുളത്തിൽ ചാടിയതിനെ തുടർന്ന് ഉണ്ടായ അണുബാധ ആരോഗ്യനില വഷളാക്കാൻ കാരണമായിരിക്കാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ മരണകാരണം സംബന്ധിച്ച അന്തിമ സ്ഥിരീകരണം മെഡിക്കൽ പരിശോധനകൾക്കും അന്വേഷണത്തിനും ശേഷമായിരിക്കും. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് ബാറിൽ ആക്രമണവും തീവെപ്പും ഉണ്ടായതെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ ആദ്യം നവാസ് മരിക്കുകയും പിന്നീട് തീയിട്ടതായി ആരോപിക്കപ്പെടുന്ന അനീഷും മരിക്കുകയും ചെയ്തിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന തേക്കട ഉണ്ടപ്പാറ സ്വദേശി രതീഷ് സംഭവത്തിന് പിന്നാലെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പോലീസ് തുടരുകയാണ്.

Related Articles

Back to top button