മുത്തങ്ങ കേസ്: എം. ഗീതാനന്ദൻ ഉൾപ്പെടെ നാല് പേർക്ക്…

കൊച്ചി: മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു. നാല് പേർക്കും അഞ്ച് വർഷം കഠിനതടവും പിഴയുമാണ് വിധിച്ചത്. ഗീതാനന്ദൻ, ബിനു, രമേശൻ കൊയ്യാലിപ്പുര, അനിൽകുമാർ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

പോലീസ് ഉദ്യോഗസ്ഥനായ അബ്ദുൽ സലാം, ശശിധരൻ എന്നിവരെ തട്ടിക്കൊണ്ടുപോകൽ, വധശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. കേസിലെ വിവിധ വകുപ്പുകളിലായി ആകെ 19 വർഷം കഠിനതടവും ഏഴ് മാസം തടവും പിഴയുമാണ് കോടതി വിധിച്ചത്. എന്നാൽ ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ അഞ്ച് വർഷത്തെ തടവ് മാത്രമാണ് അനുഭവിക്കേണ്ടത്. അതേസമയം, മുത്തങ്ങ സംഭവത്തിനിടെ പോലീസ് കോൺസ്റ്റബിൾ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസിൽ ഗൂഢാലോചന തെളിയിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചില്ല. ആവശ്യമായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതോടെ ഈ കേസിൽ പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. വിനോദിന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപയും പരിക്കേറ്റ അബ്ദുൽ സലാമിന് മൂന്ന് ലക്ഷം രൂപയും ശശിധരന് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം നൽകാനും കോടതി ശുപാർശ ചെയ്തു. മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട ദീർഘകാല നിയമനടപടികൾക്കൊടുവിലാണ് കോടതി വിധി പുറത്തുവന്നിരിക്കുന്നത്.

Related Articles

Back to top button