സഞ്ജുവോ ദുൽഖറോ അല്ല… ഇൻസ്റ്റഗ്രാമിൽ ‘നമ്പർ വൺ’ മലയാളി ഈ താരം….

സിനിമയായാലും കായികമായാലും താരങ്ങളും ആരാധകരും തമ്മിലുള്ള അകലം ഇന്ന് ഇല്ലാതായിരിക്കുകയാണ്. ഇതിന് പ്രധാന കാരണം സോഷ്യൽ മീഡിയയുടെ കടന്നുവരവാണ്. താരങ്ങളുടെ ഓരോ വിശേഷങ്ങളും വിരൽത്തുമ്പിൽ അറിയുന്ന ആരാധകർ, തങ്ങളുടെ പ്രിയപ്പെട്ടവർക്ക് നൽകുന്ന സ്നേഹം ഫോളോവേഴ്സിന്റെ എണ്ണത്തിലും പ്രതിഫലിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള മലയാളികളുടെ പട്ടികയാണ്.
ടി20 ലോകകപ്പിലെ മിന്നും പ്രകടനത്തോടെ ഇൻസ്റ്റഗ്രാമിൽ വലിയ മുന്നേറ്റമാണ് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ നടത്തിയിരിക്കുന്നത്. വെറും നാല് ദിവസത്തിനുള്ളിൽ 2.8 മില്യൺ ഫോളോവേഴ്സിനെയാണ് സഞ്ജു സ്വന്തമാക്കിയത്. വെസ്റ്റ് ഇൻഡീസിനെതിരായ സൂപ്പർ 8 പോരാട്ടത്തിലും, ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലും തുടർച്ചയായി അർധസെഞ്ചുറികൾ നേടി സഞ്ജു കരുത്ത് തെളിയിച്ചിരുന്നു. രണ്ട് തവണ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവും സഞ്ജുവിനെ തേടിയെത്തി. നിലവിൽ 14.8 മില്യൺ (1.4 കോടി) ഫോളോവേഴ്സുമായി പട്ടികയിൽ നാലാം സ്ഥാനത്താണ് സഞ്ജു.
സഞ്ജുവിന് തൊട്ടുമുന്നിൽ മൂന്നാം സ്ഥാനത്തുള്ളത് മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാനാണ്. 15.8 മില്യൺ ഫോളോവേഴ്സാണ് ദുൽഖറിനുള്ളത്. എന്നാൽ ഇവരെ രണ്ടുപേരെയും പിന്നിലാക്കി ആദ്യ രണ്ട് സ്ഥാനങ്ങൾ കൈക്കലാക്കിയിരിക്കുന്നത് അനുപമ പരമേശ്വരൻ, കീർത്തി സുരേഷ് വനിതാ താരങ്ങളാണ്.
വരുന്ന ഞായറാഴ്ച ന്യൂസിലൻഡിനെതിരായ ലോകകപ്പ് ഫൈനലിലാണ് ഇനി ഇന്ത്യയുടെയും സഞ്ജുവിന്റെയും പ്രതീക്ഷ. നിലവിലെ ഫോം ഫൈനലിലും തുടരാനായാൽ സഞ്ജുവിന്റെ ഫോളോവേഴ്സ് എണ്ണം ഇനിയും കുതിച്ചുയരുമെന്നുറപ്പാണ്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ദുൽഖർ സൽമാന്റെ റെക്കോർഡ് സഞ്ജു മറികടക്കുമോ എന്നാണ് ഇപ്പോൾ ആരാധകർ ഉറ്റുനോക്കുന്നത്.
