ആലപ്പുഴ മുൻ നാവിക ഉദ്യോഗസ്ഥന്റെ വീട്ടിൽ അപ്രതീക്ഷിത അതിഥികൾ, ഒന്നും ഒളിച്ചുവെക്കാനായില്ല…കൈയോടെ പൊക്കി

ആലപ്പുഴ: എക്സൈസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ച കഞ്ചാവും നട്ടുവളർത്തിയ കഞ്ചാവ് ചെടികളുമായി വിരമിച്ച നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡിൽ വടക്കൻ പറമ്പ് വീട്ടിൽ വില്യമിന്റെ മകൻ ബിനു വി വില്യം (37) ആണ് പിടിയിലായത്. എക്സൈസ് ഇൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ പൂങ്കാവ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്
ഇയാളുടെ വീട്ടിൽനിന്ന് 1.200 കിലോഗ്രാം കഞ്ചാവും വീട്ടുവളപ്പിൽ നട്ടുവളർത്തിയ 10 കഞ്ചാവ് ചെടികളും എക്സൈസ് സംഘം കണ്ടെത്തി. പ്രതിക്കെതിരെ മയക്കുമരുന്ന് നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കും. തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ മയക്കുമരുന്ന് പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡുമാരായ റോയി ജേക്കബ്, കെ ആർ രാജീവ്, പ്രിവന്റീവ് ഓഫിസര്‍ അനിലാൽ പി, സിവിൽ എക്സൈസ് ഓഫിസര്‍മാരായ അരുൺ അശോക്, പ്രമോദ് വി, ജിയേഷ് ടി എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു



