വീട്ടിൽ നിന്നും ദുർഗന്ധം വമിക്കുന്നുവെന്ന് നാട്ടുകാർ അറിയിച്ചു, പോലീസ് എത്തി പരിശോധിക്കുമ്പോൾ കണ്ടത്…

ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി മാനിപുരം സ്വദേശി കളരാന്തിരി കോളിക്കെട്ടിക്കുന്നുമ്മല്‍ മഹേഷ് കുമാര്‍(47) ആണ് മരിച്ചത്. ഇയാളുടെ വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിന് പിന്നാലെ നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കൊടുവള്ളി പോലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോൾ വീടിന്റെ മുന്‍ഭാഗത്തെ ബെഡ് റൂമില്‍ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
യുവാവ് തനിച്ചാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. താമരശ്ശേരി അമ്പലമുക്കില്‍ മയക്കുമരുന്ന് പരിശോധനയ്‌ക്കെത്തിയ പോലീസ് സംഘത്തെ ആക്രമിച്ച കേസിലും ഒന്നര കിലോഗ്രാം കഞ്ചാവ് കൈവശം വെച്ച കേസിലും വീട്ടില്‍ കഞ്ചാവ് നട്ടുവളര്‍ത്തിയ കേസിലുമുൾപ്പെടെ പല കേസിലും ഇയാൾ പ്രതിയാണ്. തുടർ നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൊടുവള്ളി അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.



