ഇറാൻ ആക്രമണത്തിൽ അമേരിക്കൻ സൈനികൾ കൊല്ലപ്പെട്ടു, 3 പേരെന്നും സ്ഥിരീകരണം

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയെ അടക്കം വധിച്ചതിനുള്ള തിരിച്ചടിയുടെ ഭാഗമായുള്ള ആക്രമണത്തിൽ തങ്ങളുടെ സൈനികർ കൊല്ലപ്പെട്ടെന്ന് ഇതാദ്യമായി സ്ഥിരീകരിച്ച് അമേരിക്ക. ഇറാൻ നടത്തിയ മിസൈൽ – ഡ്രോൺ ആക്രമണത്തിൽ തങ്ങളുടെ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രതിരോധ മന്ത്രാലയം (പെന്റഗൺ) ഔദ്യോഗികമായി സ്ഥിരീകരിച്ചു. ‘ഓപ്പറേഷൻ എപിക് ഫ്യൂറി’യുടെ ഭാഗമായി ഇറാനിൽ ആക്രമണം തുടങ്ങിയ ശേഷം ആദ്യമായാണ് സൈനികർ കൊല്ലപ്പെട്ടെന്ന് അമേരിക്ക സമ്മതിച്ചത്. ആക്രമണത്തിൽ അഞ്ച് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അമേരിക്കൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അതേസമയം പടക്കപ്പലായ യു എസ് എസ് എബ്രഹാം ലിങ്കൺ ആക്രമിക്കപ്പെട്ടെന്ന ഇറാന്റെ അവകാശവാദം യു എസ് സെൻട്രൽ കമാൻഡ് (CENTCOM) തള്ളി. ഇറാന്‍റെ മിസൈലുകൾ കപ്പലിന്റെ പരിസരത്ത് പോലും എത്തിയിട്ടില്ലെന്നും കപ്പൽ പൂർണ്ണമായും സുരക്ഷിതമാണെന്നും അമേരിക്ക വ്യക്തമാക്കി. യു എസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടന്ന മറ്റ് ആക്രമണങ്ങളിലാണ് പരിക്കുകളും മരണവും സംഭവിച്ചതെന്നാണ് അമേരിക്ക പറയുന്നത്.

അമേരിക്കൻ പടക്കപ്പലായ എബ്രഹാം ലിങ്കണ് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് ഇന്ന് വൈകുന്നേരമാണ് ഇറാൻ അവകാശപ്പെട്ടത്. നാല് ബാലസ്റ്റിക് മിസൈലുകൾ യു എസ് എസ് എബ്രഹാം ലിങ്കണിൽ പതിച്ചെന്നെന്നാണ് ഇറാന്‍റെ അവകാശവാദം. ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിനെ (ഐ ആ‌ർ ജി സി) ഉദ്ധരിച്ച് ഇറാൻ മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 4’ ന്റെ ഭാഗമായാണ് ഈ ആക്രമണമെന്ന് ഐ ആർ ജി സി തങ്ങളുടെ ഏഴാം നമ്പർ പ്രസ്താവനയിൽ വ്യക്തമാക്കി. അമേരിക്കൻ – സയണിസ്റ്റ് ശത്രുക്കളുടെ താവളങ്ങൾ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങളുടെ തുടർച്ചയാണിതെന്ന് ഇറാൻ അവകാശപ്പെട്ടു. ഇറാൻ സൈനിക കമാൻഡർമാരുടെ അഭിമാനകരമായ നീക്കമാണിതെന്നും പശ്ചിമേഷ്യയിലെ അമേരിക്കൻ സാന്നിധ്യത്തിനെതിരെയുള്ള ശക്തമായ താക്കീതാണിതെന്നും ഐ ആർ ജി വ്യക്തമാക്കി. ഈ അവകാശവാദമാണ് അമേരിക്ക ഇപ്പോൾ തള്ളിക്കളഞ്ഞിരിക്കുന്നത്.

Back to top button