കോൺ​ഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക സ്ക്രീനിം​ഗ് കമ്മറ്റിക്ക് കൈമാറി കെപിസിസി

കോൺഗ്രസിൻറെ ആദ്യ സ്ഥാനാർത്ഥിക പട്ടിക എഐസിസി സ്ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി കെപിസിസി. പ്രതിപക്ഷ നേതാവിൻറെ യാത്രക്ക് ശേഷം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. അൻപത് പേരുടെ പട്ടിക എപ്പോൾ വേണമെങ്കിലും പുറത്ത് വിടാൻ സജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവകാശപ്പെട്ടു. സിറ്റിംഗ് മണ്ഡലങ്ങളും, ഒറ്റപ്പേരിലെത്തിയ മറ്റ് മണ്ഡലങ്ങളുമുൾ‍പ്പെടുന്ന പട്ടികയാണ് ഇന്നത്തെ ചർച്ചയിൽ മധുസൂദൻ മിസ്ത്രി അധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറിയത്.

മധുസൂദൻ മിസ്ത്രി അധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റിയുമായി രണ്ട് മണിക്കൂറോളം നേരം ചർച്ച നടത്തിയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ആദ്യ ഘട്ട പട്ടിക കൈമാറിയത്. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളൊഴികെയുള്ളിടത്ത് സിറ്റിംഗ് എംഎൽഎമാർ തന്നെ മത്സരിക്കട്ടേയെന്നാണ് ഒടുവിലത്തെ തീരുമാനം. പാലക്കാടും,‌ തൃപ്പൂണിത്തുറയിലും ചർച്ചകൾ തുടരുകയാണ്. വട്ടിയൂർക്കാവിൽ കെ മുരളീധരൻ, നെയ്യാറ്റിൻകര എൻ ശക്തൻ, കൊട്ടാരക്കര ഐഷ പോറ്റി, പത്തനാപുരം ജ്യോതികുമാർ ചാമക്കാല, കൊല്ലം ബിന്ദുകൃഷ്ണ, ആറൻമുള അബിൻ വർക്കി, അരൂർ ഷാനിമോൾ ഉസ്മാൻ, പീരുമേട് സിറിയക് തോമസ്, കൊടുങ്ങല്ലൂൽ ഒജെ ജനീഷ്, മണലൂർ ടി എൻ പ്രതാപൻ, തൃത്താല വിടി ബൽറാം, നാദാപുരം കെ എം അഭിജിത്ത്, കൊയിലാണ്ടി പ്രവീൺ കുമാർ എന്നിങ്ങനെയാണ് ആദ്യ പട്ടികയിലെ മറ്റ് സാധ്യത. അമ്പലപ്പുഴ, തൃപ്പൂണിത്തുറ, ഉടുമ്പൻചോല എന്നീ മൂന്ന് മണ്ഡലങ്ങളിൽ എം ലിജുവിൻറെ പേരുണ്ട്. സംവരണ മണ്ഡലമായ അടൂരിൽ രമ്യ ഹരിദാസിനെ ഇറക്കിയേക്കും. തിരുവമ്പാടിയിൽ വി എസ് ജോയിയുടെ പേരിനാണ് മുൻതൂക്കം.

മൂന്ന് ഘട്ടങ്ങളിലായി പട്ടിക കൈമാറി ക്ലിയറൻസ് നേടാനാണ് നീക്കം. കെപിസിസി സമർപ്പിക്കുന്ന പട്ടികയിൽ മല്ലികാർജ്ജുൻ ഖർഗെ അധ്യക്ഷനായ തെരഞ്ഞെടുപ്പ് സമിതിക്ക് ഭേദഗതി വരുത്താം. അടുത്തയാഴ്ച തെരഞ്ഞെടുപ്പ് സമിതി ചേർന്ന് പട്ടികക്ക് അന്തിമ അംഗീകാരം നൽകും. എംപിമാർ മത്സരിക്കണോയെന്നതിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കും. മ്ത്സരിപ്പിക്കേണ്ടെന്ന നിലപാടാണ് സംസ്ഥാന നേതൃത്വം അറിയിച്ചിരിക്കുന്നത്.

Related Articles

Back to top button