ടീസർ തന്നെ വൻഹിറ്റ്, മോഹൻലാലിന്റെ പേജിലൂടെ മാത്രം 20 ലക്ഷം കാഴ്ചക്കാർ, ആകാംക്ഷയോടെ ‘ഇരുവറി’നായി കാത്തിരിപ്പ്

മുഖ്യമന്ത്രി പിണറായി വിജയൻ-മോഹൻലാൻ അഭിമുഖം ഇന്ന് റിലീസ് ആകാനിരിക്കെ, ടീസറിന് വൻ വരവേൽപ്പ്. മോഹൻലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മാത്രം 20 ലക്ഷം ആളുകൾ ടീസർ കണ്ടു. സമീപകാലത്ത് മോഹൻലാലിന് പോലും ലഭിക്കുന്ന ഏറ്റവും കൂടുതൽ കാഴ്ചക്കാരായിരുന്നു ഇത്. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക പേജിൽ ടീസർ റിലീസ് ചെയ്തിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയനും, നടൻ മോഹൻലാലുമായുള്ള അഭിമുഖത്തിന്‍റെ പൂർണരൂപം ഇന്നിറങ്ങും. കണ്ടും, മിണ്ടിയും ഇരുവർ എന്ന് പേരിട്ട അഭിമുഖം ഇന്ന് വൈകിട്ട് ചാനലുകളിലും, സോഷ്യൽമീഡിയ പേജുകളിലും കാണാം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാർ പിആർ സജീവമാക്കിയെന്ന വിമർശനങ്ങൾക്കിടെയാണ് രണ്ട് ദിവസമെടുത്തു ക്ലിഫ് ഹൗസിൽ ചിത്രീകരിച്ച അഭിമുഖം പുറത്തിറങ്ങുന്നത്. കഴിഞ്ഞ ദിവസം ഇറങ്ങിയ ടീസർ ഏറെ ചർച്ചയായിരുന്നു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും, വ്യക്തി ജീവിതവുമാണ് ഉള്ളടക്കമെന്നാണ് ടീസർ നൽകുന്ന സൂചന. സംവിധായകൻ ടി കെ രാജീവ് കുമാർ ഉൾപ്പെടെയുള്ളവരാണ് അഭിമുഖം ഒരുക്കിയത്. പി ആർ സ്റ്റണ്ട് എന്ന് പ്രതിപക്ഷം അഭിമുഖത്തെ പരിഹസിച്ചിരുന്നു. ലാലും ,പിണറായിയും തമ്മിലുള്ള വ്യക്തിബന്ധമാണ് അഭിമുഖത്തിന് പിന്നിൽ എന്നാണ് സിപിഎം മറുപടി. പ്രതിപക്ഷ നേതാവായിരിക്കെ ഇരുവർ എന്ന പേരിൽ ഉമ്മൻ ചാണ്ടിയും മോഹൻലാലുമായുള്ള അഭിമുഖം ജയ്‌ഹിന്ദ് ടി വി ഇന്നലെ വീണ്ടും സംപ്രേഷണം ചെയ്തിരുന്നു.




