കൊട്ടാരക്കരയുടെ പ്രതിനിധി അത്ര ചീപ്പാകരുത്’, ധനമന്ത്രിക്കെതിരെ അഖിൽ മാരാർ

കെഎൻ ബാലഗോപാലിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ട്വന്റി ട്വന്റി അംഗവും ചലച്ചിത്ര പ്രവർത്തകനുമായ അഖിൽ മാരാർ. ഡൽഹി പത്രപ്രവർത്തക യൂണിയൻ 25 ലക്ഷം രൂപയുടെ സർക്കാർ ഫണ്ട് അനധികൃതമായി കൈകാര്യം ചെയ്തെന്ന പരാതിയിൽ ധനകാര്യ വകുപ്പിന്റെ റിപ്പോർട്ട് പുറത്തുവിടാത്തതിനെയാണ് അഖിൽ മാരാർ ചോദ്യം ചെയ്തത്. മാധ്യമങ്ങളെ വരുതിയിലാക്കാൻ മന്ത്രി ഈ റിപ്പോർട്ട് ആയുധമാക്കുകയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
ഡൽഹി പത്രപ്രവർത്തക യൂണിയനിലെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട ധനകാര്യ വകുപ്പിന്റെ റിപ്പോർട്ട് രണ്ട് വർഷമായി മന്ത്രി പൂഴ്ത്തിവെച്ചിരിക്കുകയാണ്. ഇത് പുറത്തുവിട്ടാൽ മാത്രമേ വിജിലൻസിന് കേസെടുക്കാൻ സാധിക്കൂ. മന്ത്രിക്കെതിരെ വാർത്തകൾ നൽകാതിരിക്കാൻ ഈ റിപ്പോർട്ട് കാണിച്ച് മാധ്യമപ്രവർത്തകരെ വിരട്ടുകയാണ്. വാർത്തകൾ അനുകൂലമാക്കാൻ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത് മാന്യമായ പണിയല്ലെന്നും മാരാർ കുറിച്ചു.
മീശമാധവൻ സിനിമയിലെ ഭാഗീരഥൻ പിള്ളയെ ഭീഷണിപ്പെടുത്തുന്ന രംഗവുമായി മന്ത്രിയുടെ നീക്കത്തെ ഉപമിച്ച മാരാർ, കൊട്ടാരക്കരയുടെ പ്രതിനിധിയായ മന്ത്രി ഇത്രയുംചീപ്പ്ആ കരുതെന്നും പരിഹസിച്ചു. അടുത്തിടെ ട്വന്റി ട്വന്റിയിൽ ചേർന്ന അഖിൽ മാരാർ സർക്കാരിനും മന്ത്രിമാർക്കുമെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. ഡൽഹി പത്രപ്രവർത്തക യൂണിയൻ ഫണ്ട് കേസ് ഏറെ നാളായി ചർച്ചയിലുള്ള വിഷയമാണ്. ധനകാര്യ വകുപ്പിന്റെ പരിശോധനാ റിപ്പോർട്ട് പുറത്തുവന്നാൽ പല പ്രമുഖ മാധ്യമപ്രവർത്തകർക്കും എതിരെ അന്വേഷണം വരുമെന്നിരിക്കെയാണ് മന്ത്രിയുടെ മൗനത്തെ മാരാർ രാഷ്ട്രീയ ആയുധമാക്കുന്നത്



