തിയോഫിനച്ചൻ ധന്യൻ; വത്തിക്കാനിൽ പ്രഖ്യാപനം

കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് ജനിച്ച ദൈവദാസൻ തിയോഫിനച്ചനെ കത്തോലിക്കാ സഭ ധന്യപദവിയിലേക്ക് ഉയർത്തി. ലിയോ പതിനാലാമൻ മാർപാപ്പയാണ് വത്തിക്കാനിൽ നടന്ന ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇതോടെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കും തുടർന്നു വിശുദ്ധ പദവിയിലേക്കുമുള്ള രണ്ട് ഘട്ടങ്ങളാണ് ഇനി ശേഷിക്കുന്നത്.

1913 ജൂലൈ 20ന് കൂടല്ലൂർ കുടുംബത്തിൽ ജനിച്ച തിയോഫിനച്ചൻ 1941 ഏപ്രിൽ 20ന് പൗരോഹിത്യം സ്വീകരിച്ചു. 1968 ഏപ്രിൽ 4നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ജീവിതകാലത്തുതന്നെ അദ്ദേഹത്തിന്റെ സുകൃതങ്ങൾ വിശ്വാസികളിൽ വ്യാപകമായി അറിയപ്പെടുകയും ആരാധനയ്ക്കു വഴിവെക്കുകയും ചെയ്തിരുന്നു. 2005 ജനുവരി 10നാണ് തിയോഫിനച്ചനെ ദൈവദാസനായി പ്രഖ്യാപിച്ചത്. തുടർന്ന് 2014 ഫെബ്രുവരി 1ന് അദ്ദേഹത്തിന്റെ കുഴിമാടം തുറന്ന് പരിശോധനയും നടത്തി.

ധന്യപദവിയിലേക്ക് ഉയർത്താനുള്ള നടപടികൾ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ 2016 ഒക്ടോബർ 24ന് പൊന്നുരുന്നി കപ്പൂച്ചിൻ ആശ്രമദേവാലത്തിൽ പൂർത്തിയാക്കി. കാനോനിക രേഖകളടങ്ങിയ 94 പേടകങ്ങൾ പിന്നീട് വത്തിക്കാൻ എത്തിക്കുകയും വിവിധ ഘട്ടങ്ങളിലായുള്ള പരിശോധന കർദിനാൾ സമിതി പൂർത്തിയാക്കുകയും ചെയ്തു. ധന്യപ്രഖ്യാപനവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ പൊന്നുരുന്നി കപ്പൂച്ചിൻ ആശ്രമത്തിൽ ആരംഭിക്കുമെന്ന് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിയ ഫാ. റോബിൻ ഡാനിയേൽ അറിയിച്ചു.

Related Articles

Back to top button