ഷർട്ടിന്റെ ബട്ടൻ ഇടാൻ ആവശ്യപ്പെട്ട് റാഗിങ്, ജൂനിയർ വിദ്യാർത്ഥിക്ക് സിനീയേഴ്‌സിന്റെ മർദ്ദനം

പാലക്കാട് മണ്ണാർക്കാട് ജൂനിയർ വിദ്യാർത്ഥിക്കുനേരെ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം. മണ്ണാർക്കാട്ടെ നജാത്ത് കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥിയും, ചിറക്കൽപ്പടി സ്വദേശിയുമായ അൻസിലിനാണ് മർദ്ദനമേറ്റത്. ഷർട്ടിന്റെ ബട്ടൺ ധരിക്കാൻ പറഞ്ഞ് സീനിയർ വിദ്യാർത്ഥികൾ 20 ദിവസം മുമ്പ് അൻസിലിനെ റാഗിംങ് ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതിലെ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചത്. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ അൻസിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

 ഇക്കഴിഞ്ഞ 18ന് കോളെജ് ഡേ പരിപാടിക്കിടെയാണ് മർദ്ദനമുണ്ടായത്. സുഹൃത്തിനൊപ്പം പരിപാടി കാണാനെത്തിയ അൻസിലിനെ മൂന്നോളം സീനിയർ വിദ്യാർത്ഥികൾ മർദ്ദിക്കുകയായിരുന്നു. ഇതിൽ ഒരു വിദ്യാർത്ഥി ഇടിവള ഉപയോഗിച്ച് തന്റെ മുഖത്ത് മർദ്ദിച്ചെന്ന് അൻസിൽ പറഞ്ഞു. മകന്റെ മുഖത്തെ എല്ലുകൾക്ക് പൊട്ടലുണ്ടെന്നും സംഭവത്തിൽ നിയമപരമായി മുന്നോട്ട് പോകുമെന്നും പിതാവ് പറഞ്ഞു. കുടുംബത്തിന്റെ പരാതിയിൽ മണ്ണാർക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഘർഷത്തിന്റെ ദൃശ്യം ശേഖരിച്ച പോലീസ് മൂന്ന് സീനിയർ വിദ്യാർത്ഥികളെ പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. അന്യായമായി തടഞ്ഞുവെച്ച് അപകടകരമായ ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.

Related Articles

Back to top button