സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡിഎ) കുടിശ്ശിക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 10 ശതമാനം കുടിശ്ശികയാണ് അനുവദിച്ചത്. ഇത് മാർച്ചിലെ ശമ്പളത്തോടൊപ്പം കിട്ടും. കുടിശ്ശിക ഈ സാമ്പത്തിക വർഷം തീർക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിന് മുൻകാല പ്രാബല്യമില്ല.

പുതിയ ഉത്തരവ് പ്രകാരം സർക്കാർ ജീവനക്കാർക്ക് 35 ശതമാനം നിരക്കിൽ ഡി എ ലഭിക്കും. കഴിഞ്ഞ ആഴ്ച അനുവദിച്ച മൂന്ന് ശതമാനത്തിന് പിന്നാലെയാണ് ഇപ്പോൾ 10 ശതമാനം കുടിശ്ശിക കൂടി അനുവദിച്ചിരിക്കുന്നത്. ഇതിലൂടെ ബജറ്റിൽ വാഗ്ദാനം ചെയ്ത 13 ശതമാനം ഡിഎ കുടിശ്ശികയും സർക്കാർ അനുവദിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ക്ഷാമബത്ത, ക്ഷാമാശ്വാസ കുടിശ്ശിക വിതരണം ചെയ്യുമെന്ന് ഇക്കഴിഞ്ഞ ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. 35 ശതമാനം ക്ഷാമബത്തയാണ് ജീവനക്കാർക്ക് കിട്ടേണ്ടിയിരുന്നത്.പക്ഷേ 22 ശതമാനമാണ് കൊടുത്തുകൊണ്ടിരുന്നത്. 13 ശതമാനം കുടിശ്ശികയായിരുന്നു. ക്ഷാമബത്ത കൃത്യമായി അനുവദിച്ച് പോന്നിരുന്നില്ല. അത് ഗഡുക്കളായി നൽകും എന്നാണ് ബജറ്റിലെ പ്രഖ്യാപനം. ഇതു സംബന്ധിച്ച ഉത്തരവ് ഇനി ഇറങ്ങാനുണ്ട്. ശമ്പള കമ്മീഷനും ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതു സംബന്ധിച്ച ഉത്തരവും ഇനി ഇറങ്ങാനുണ്ട്.

Related Articles

Back to top button