വിഴിഞ്ഞത്ത് വീണ്ടും ഭക്ഷ്യവിഷബാധ; മീൻമുട്ടയും കണവയും കഴിച്ച അമ്മയ്ക്കും മകൾക്കും ശാരീരിക അസ്വസ്ഥത

വിഴിഞ്ഞത്തെ പ്രമുഖ സീഫുഡ് റെസ്റ്റോറന്റായ ‘അസ്മാക്’ൽ നിന്ന് ഭക്ഷണം കഴിച്ച വിനോദസഞ്ചാരികളായ അമ്മയ്ക്കും മകൾക്കും ഭക്ഷ്യവിഷബാധയേറ്റു. കൊട്ടാരക്കര പട്ടാഴി സ്വദേശികളായ ശ്രീജയ (44), മകൾ ആർച്ച (25) എന്നിവരെയാണ് ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് അഞ്ചംഗ സംഘം റെസ്റ്റോറന്റിലെത്തിയത്. മീൻമുട്ട, കണവ, പുട്ട്, കപ്പ തുടങ്ങിയ വിഭവങ്ങളാണ് ഇവർ കഴിച്ചത്. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർക്ക് ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും, മീൻമുട്ടയും കണവയും കൂടുതൽ കഴിച്ച ശ്രീജയയ്ക്കും ആർച്ചയ്ക്കും യാത്രാമധ്യേ തന്നെ അസ്വസ്ഥതകൾ തുടങ്ങുകയായിരുന്നു. ഛർദി, അമിതമായ തളർച്ച, കൈകാലുകൾക്ക് തരിപ്പും വേദനയും, നെഞ്ചുവേദന എന്നിവയാണ് ഇവർക്ക് അനുഭവപ്പെട്ടത്. ചികിത്സയ്ക്ക് ശേഷം ശ്രീജയ ആശുപത്രി വിട്ടെങ്കിലും, മുഖത്തെ നീരും കടുത്ത ശാരീരിക വേദനയും കാരണം ആർച്ച ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. പരിശോധനയിൽ ഭക്ഷണത്തിൽ നിന്നുള്ള വിഷബാധയാണ് അസുഖത്തിന് കാരണമെന്ന് മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞം പോലീസ് നടപടികൾ ആരംഭിച്ചു. റെസ്റ്റോറന്റിനെതിരെ ഔദ്യോഗികമായി പരാതി നൽകുമെന്ന് കുടുംബം അറിയിച്ചിട്ടുണ്ട്.



