ആരോഗ്യവകുപ്പുമായുള്ള ചർച്ച വിജയം; നാളത്തെ ഒപി ബഹിഷ്കരണം പിൻവലിച്ച് പിജി ഡോക്ടർമാർ

സംസ്ഥാനത്തെ പി ജി ഡോക്ടർമാർ നാളെ നടത്താനിരുന്ന ഒപി ബഹിഷ്കരണ സമരം പിൻവലിച്ചു. ആരോഗ്യ വകുപ്പ് അധികൃതരുമായി നടത്തിയ നിർണ്ണായക ചർച്ച വിജയിച്ചതിനെത്തുടർന്നാണ് സമരത്തിൽ നിന്ന് പിന്മാറാൻ പി ജി ഡോക്ടർമാരുടെ സംഘടന തീരുമാനിച്ചത്. ഡോക്ടർമാർ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിച്ചത്. സ്റ്റൈപ്പൻഡ് വർദ്ധനവ് ഉൾപ്പെടെയുള്ള വിഷയങ്ങളിലാണ് പ്രധാനമായും ധാരണയായത്. ഏറെ കാലമായി ഡോക്ടർമാർ ഉന്നയിക്കുന്ന സ്റ്റൈപ്പൻഡ് കുടിശ്ശിക തീർക്കുന്നതിലും പുതുക്കിയ നിരക്ക് നടപ്പിലാക്കുന്നതിലും ഉടൻ തന്നെ രേഖാമൂലമുള്ള ഉത്തരവ് ഇറക്കാമെന്ന് വകുപ്പ് സെക്രട്ടറി ചർച്ചയിൽ അറിയിച്ചു. ഡോക്ടർമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങൾ കർശനമാക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി



