ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ്  നടക്കുന്നത്; തന്നെ അറസ്റ്റ് ചെയ്തതിന് പിന്നിൽ….സംവിധായകൻ പറയുന്നു 

നി‍ർമ്മാതാവിന്റെ പരാതിയിൽ തന്നെ അറസ്റ്റ് ചെയ്തതിന് പിന്നിൽ രാഷ്ട്രീയ സ്വാധീനമെന്ന ആരോപണവുമായി ‘അഭിലാഷം’ സിനിമയുടെ സംവിധായകൻ ഷംസുദ്ദീൻ. സിപിഎം ഉന്നത നേതാവിന്റെ അടുത്ത ബന്ധുവായ പരാതിക്കാരി ചെലുത്തിയ സമ്മർദ്ദം കാരണമാണ് നടപടിക്രമങ്ങൾ പാലിക്കാതെ തന്നെ അറസ്റ്റ് ചെയ്തതെന്ന് ഷംസുദ്ദീൻ പറഞ്ഞു. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹിൽപാലസ് എസ് എച്ച് ഒ യെ നേരിട്ട് വിളിച്ച് വരുത്തിയ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അറസ്റ്റിന് പിന്നിലെ അനാവശ്യ തിടുക്കത്തെ രൂക്ഷമായി വിമർശിച്ചു.

 “ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് രണ്ട് ദിവസങ്ങളായി നടക്കുന്നത്. എഫ്ഐആർ ഇട്ടതുമുതൽ പോലീസിന്റെ ഭാഗത്ത് നിന്നും ഒരു അറിയിപ്പും ഉണ്ടായിരുന്നില്ല. മാധ്യമങ്ങളിലൂടെയാണ് ഞാൻ ഇങ്ങനെയൊരു കേസുള്ള കാര്യം അറിയുന്നത്. രാത്രി പത്ത് മണിയോട് കൂടിയാണ് എന്റെ ഫ്ലാറ്റിന്റെ ഡോറുകൾ രണ്ടും കുത്തിത്തുറന്ന് അകത്ത് കയറിയിട്ടാണ് ഒരു സംഘം പോലീസുകാർ എന്നെ അറസ്റ്റ് ചെയ്യുന്നത്. ഇന്നലെയാണ് ജാമ്യം കിട്ടിയത്. ഒത്തുതീർപ്പിൽ മുന്നേതന്നെ അവസാനിച്ച ഒരു കേസായിരുന്നു ഇത്. ആർട്ടിസ്റ്റുകളുടെയും പ്രതിഫലം  കിട്ടാനുണ്ട്. നിർമ്മാതാക്കളിൽ ഒരാളായ ആൻ സരിഗ അത്യാവശ്യം രാഷ്ട്രീയ സ്വാധീനമുള്ള കുടുംബത്തിൽ നിന്നാണ് . അങ്ങനെയൊരു രാഷ്ട്രീയ ബന്ധം ഇതിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ടാവാം.” ഷംസുദ്ധീൻ മാധ്യമങ്ങളോട്  പറഞ്ഞു.

സിനിമയുടെ ഹാർഡ് ഡിസക് കൈവശപ്പെടുത്തി, എസ്റ്റിമേറ്റിലധികം പണം ചിലവാക്കി തുടങ്ങിയ പരാതികളിലാണ് അഭിലാഷം സിനിമയുടെ സംവിധായകൻ ഷംസുദ്ദീനടക്കം 5 പേർക്കെതിരെ ഹിൽപാലസ് പോലീസ് കേസെടുത്തത്. എന്നാൽ ഒന്നാം പ്രതി സംവിധായകൻ ഷംസുദ്ദീനെ നോട്ടീസ് പോലും നൽകാതെയാണ് അനാവശ്യ തിടുക്കം കാട്ടി രാത്രി കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതി ഷംസുദ്ദീന് ജാമ്യം നൽകി. നിർമ്മാതാവ് ആൻ സരിഗ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുടെ അടുത്ത ബന്ധുവാണ്. എം.എ ബേബി സിനിമ ഷൂട്ട് സെറ്റ് സന്ദർശിച്ചതടക്കമുള്ള ദൃശ്യങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. പൊലീസിൽ ഉണ്ടായ രാഷ്ട്രീയ സമ്മർദ്ദമാണ് നടപടിക്രമങ്ങൾ പാലിക്കാതെയുള്ള അറസ്റ്റിന് പിന്നിലെന്നാണ് സംവിധായകന്റെ ആരോപണം.

Related Articles

Back to top button