സ്ത്രീയുടെ പാന്റിന്റെ വള്ളി അഴിക്കുന്നത് ബലാത്സംഗ ശ്രമമായിത്തന്നെ കണക്കാക്കണം; ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി

സ്ത്രീയുടെ പാന്റിന്റെ വള്ളി അഴിക്കുന്നത് ബലാത്സംഗത്തിന് തയ്യാറെടുപ്പെന്ന അലഹാബാദ് ഹൈക്കോടതിയുടെ വിവാദ വിധി റദ്ദാക്കി സുപ്രീം കോടതി. പാന്റിന്റെ വള്ളി അഴിക്കുന്നതും, സ്ത്രീകളെ ശരീരികമായി പീഡിപ്പിക്കുന്നതും ബലാത്സംഗ ശ്രമം തന്നെയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 2025 മാർച്ച് 17ന് അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച് ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്. ഇത്തരം സംഭവങ്ങൾ ബലാത്സംഗ ശ്രമമല്ലെന്നും, സ്ത്രീയുടെ ലജ്ജാഭംഗം വരുത്തുന്ന കുറ്റമായി മാത്രമേ കാണാനാകൂ എന്ന് ആയിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ വിധി. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ സുപ്രീം കോടതി സ്വമേധയാ കേസ് പരിഗണിക്കുകയായിരുന്നു.

 ‘We the Women’ എന്ന എൻജിഒയുടെ സ്ഥാപകയും, മുതിർന്ന അഭിഭാഷകയുമായ ശോഭ ഗുപ്ത അയച്ച കത്തിന്റെയും തുടർനടപടിയായാണ് സുപ്രീം കോടതിയുടെ ഇടപെടൽ. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, എൻ.വി. അഞ്ജാരിയ എന്നിവരും ഉണ്ടായിരുന്നു. ലൈംഗിക കുറ്റകൃത്യങ്ങളിൽ വിധി പറയുമ്പോൾ ജഡ്ജിമാർ കൂടുതൽ കരുണയും, അനുഭാവവും കാണിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഒരു കേസിലെ യാഥാർത്ഥ്യങ്ങളും, ഇരയുടെ ദുർബലതകളും മനസിലാക്കാതെ ഒരു വിധിക്കും  പൂർണ്ണ നീതി നൽകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കൂടാതെ, ലൈംഗിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജുഡീഷ്യൽ സംവിധാനത്തിൽ കൂടുതൽ മാനുഷികമായ പരിഗണന നൽകുന്ന മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.ഇതിനായി ദേശീയ ജുഡീഷ്യൽ അക്കാദമി ഡയറക്ടർ ജസ്റ്റിസ് അനിരുദ്ധ ബോസിന്റെ നേതൃത്വത്തിൽ വിദഗ്‌ധ സമിതി രൂപീകരിച്ച് സമഗ്ര റിപ്പോർട്ട് തയ്യാറാക്കാനും കോടതി നിർദ്ദേശിച്ചു.

Related Articles

Back to top button