‘വിവാഹം തീരുമാനിച്ചെന്നു കരുതി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് സൂക്ഷിച്ചു വേണം’

വിവാഹം തീരുമാനിച്ചു എന്ന പേരിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സൂക്ഷിച്ചു വേണമെന്ന ഉപദേശവുമായി സുപ്രീംകോടതി. ജസ്റ്റിസ് നാഗരത്ന അധ്യക്ഷയായ ബെഞ്ചിന്റേതാണ് പരാമർശം. തങ്ങൾ പഴഞ്ചന്മാരായിരിക്കും എന്നും എന്നാൽ വിവാഹത്തിന് മുമ്പ് ഇത്തരം ബന്ധങ്ങൾ സൂക്ഷിച്ചുവേണമെന്നുമാണ് കോടതിയുടെ ഉപദേശം
വൈവാഹിക സൈറ്റിലൂടെ വിവാഹ തട്ടിപ്പ് നടത്തിയ ഒരാളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിലൂടെയാണ് കോടതി പരാമർശം. തന്നെ വിവാഹം ചെയ്യാമെന്ന വാഗ്ദാനം നൽകി ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി. ഇയാളെ പരിചയപ്പെട്ട ശേഷം കാണാൻ യുവതി ദുബൈയിൽ അടക്കം പോയിരുന്നു. എന്തിനാണ് വിവാഹത്തിന് മുമ്പ് ഇത്തരം യാത്രകൾ എന്നും കോടതി യുവതിയോട് ചോദിച്ചു.
“ഞങ്ങൾ പഴയ ചിന്താഗതിക്കാരായിരിക്കാം” എന്നു പറഞ്ഞ കോടതി, വിവാഹത്തിന് മുൻപ് ഒരു സ്ത്രീയും പുരുഷനും അപരിചിതരാണെന്നും ഇത്തരം സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്നും ഓർമ്മിപ്പിച്ചു. ബന്ധം എത്രത്തോളം ദൃഢമാണെങ്കിലും വിവാഹത്തിന് മുൻപ് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് മനസ്സിലാക്കാൻ കഴിയുന്നില്ല. ജാഗ്രത വേണം. വിവാഹത്തിന് മുൻപ് ആരെയും അന്ധമായി വിശ്വസിക്കരുത്. പ്രത്യേകിച്ച് ശാരീരിക ബന്ധങ്ങളുടെ കാര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് കോടതി സ്ത്രീകളോട് നിർദേശിച്ചു. ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് പരാമർശം നടത്തിയത്.



