വിമർശനത്തിനിടയിലും വീണ്ടും മുഖ്യമന്ത്രിയെ  പുകഴ്ത്തി മണിശങ്കർ അയ്യർ,  പറഞ്ഞ വാക്കുകൾ…

 കോണ്‍ഗ്രസ് വിമര്‍ശനത്തിന് ഇടയിലും മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും പ്രശംസിച്ച് മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യര്‍. പത്ത് വര്‍ഷമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മാറിയിട്ടില്ലെന്നും, അത് തടയാനുള്ള കഴിവ് പ്രതിപക്ഷത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളം രാജീവിയന്‍ മാര്‍ഗമാണ് പിന്തുടരുന്നത്. അദ്ദേഹത്തിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത് ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

ചൈനയാണ് ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തി. പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകുമ്പോള്‍ ഒരു കമ്മീഷനെ ചൈനയിലേക്ക് അയക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐഎമ്മില്‍ ചേരുമോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്ക് ബുദ്ധിയുണ്ടെന്നും, സിപിഐഎമ്മിലേക്ക് തന്നെ ക്ഷണിക്കില്ലെന്നുമായിരുന്നു മണിശങ്കര്‍ അയ്യരുടെ മറുപടി. താന്‍ കോണ്‍ഗ്രസാണെന്നും മറ്റൊരു പാര്‍ട്ടിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

 എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും, ശശി തരൂരിനുമെതിരെ മണിശങ്കര്‍ അയ്യര്‍ പ്രസംഗിച്ചു. ‘മോദിയുടെ മന്ത്രിയാകാനാണ് തരൂരിന്റെ ശ്രമം. തരൂര്‍ ഏറ്റവും വലിയ കരിയറിസ്റ്റാണ്. യുപിഎ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന തരൂര്‍ ഇപ്പോള്‍ മോദിയെ പുകഴ്ത്തുന്നു. കെ സി വേണുഗോപാലിനെ അഭിനവ പട്ടേല്‍ ആക്കാന്‍ നോക്കുന്നവരുടെ തല പരിശോധിക്കണം’, മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. വി ഡി സതീശന്‍ മതേതര സോഷ്യലിസ്റ്റാണെന്നും, സതീശന്‍ മുഖ്യമന്ത്രിയാവുകയാണെങ്കില്‍ പിണറായി മുഖ്യമന്ത്രിയാകണം എന്ന് പറഞ്ഞത് പിന്‍വലിക്കുമെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. വലതുപക്ഷത്തിന്റെയും,കമ്മ്യുണിസ്റ്റുകളുടെയും ഇടയിലാണ് സതീശനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button