ആറ്റുകാൽ പൊങ്കാല; കർശന നിർദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും പൂർണ്ണമായ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്ഷ്യസുരക്ഷ സംബന്ധിച്ച നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസൻസിന്റെ രജിസ്ട്രേഷന്റെ പകർപ്പ് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കേണ്ടതാണ്. സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടെയും മെഡിക്കൽ ഫിറ്റ്നെസ്സ് സർട്ടിഫിക്കറ്റ് പരിശോധനാ സമയം ഹാജരാക്കേണ്ടതാണ്. സ്ഥാപനത്തിൽ വെള്ളം ഉപയോഗിക്കുന്നുവെങ്കിൽ ആയതിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്



