വ്യക്തിപരമായ കാരണത്താൽ ഉണ്ടായ ഒരു സംഘർഷത്തെ എങ്ങനെ SFIയുടെ തലയില്‍ ഇടാം എന്നാണ് ചിലർ നോക്കുന്നത്

തിരുവനന്തപുരത്തെ മാളില്‍ വെച്ച് എസ്എഫ്ഐ പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പഴി എസ്എഫ്‌ഐയുടെ തലയില്‍ ഇടാന്‍ ചിലര്‍ നോക്കുന്നുവെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. നടന്നത് വ്യക്തിപരമായ സംഘര്‍ഷമാണെന്നും ഒരു പൊലീസുകാരനെയും തല്ലാന്‍ എസ്എഫ്‌ഐ ആഹ്വാനം ചെയ്തിട്ടില്ലെന്നും ശിവപ്രസാദ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
ഒരു സംഘര്‍ഷത്തെയും എസ്എഫ്‌ഐ അനുകൂലിക്കുന്നില്ല. എസ്എഫ്‌ഐയുടെ തലയില്‍ ഇടാന്‍ ചിലര്‍ നോക്കുന്നു. ഒരു വടിയായി എസ്എഫ്‌ഐക്ക് ബന്ധമില്ലാത്ത വിഷയങ്ങള്‍ ഉപയോഗിക്കുന്നു. ചെറിയ ശതമാനം പുഴുക്കുത്തുകള്‍ പൊലീസിലും ഉണ്ട്. അത്തരക്കാര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിച്ചതാണ് സമീപകാല അനുഭവമെന്നും ശിവപ്രസാദ് ചൂണ്ടിക്കാട്ടി.
പോസ്റ്റിൻ്റെ പൂർണ രൂപം
കഥ തുടരുന്നു…
56 വർഷത്തെ SFI യുടെ വിദ്യാർത്ഥി അവകാശ പോരാട്ട ചരിത്രത്തിൽ എത്രയോ പോലീസ് മർദ്ദനങ്ങൾ, ഗുണ്ടാ ആക്രമണങ്ങൾ, രക്തസാക്ഷിത്വങ്ങൾ, അപവാദ പ്രചാരണങ്ങൾ. ഇതെല്ലാം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവരാണ് SFIക്കാരെന്നാണ് ഒരു പക്ഷം.
കേരളം ആരാണ് ഭരിക്കുന്നത് എന്ന് നോക്കിയിട്ടല്ല SFI സമരം നടത്തുന്നത്. പോലീസ് മർദ്ദനം ഏറ്റുവാങ്ങേണ്ടി വരും എന്ന തീർച്ചയിൽ തന്നെയാണ് എല്ലാ സമരങ്ങളും മുന്നോട്ടുപോവുന്നത്. തോക്കുകൾ കൊണ്ട് SFI സമരത്തെ നേരിട്ടതിൻ്റെ എത്രയേറെ അനുഭവങ്ങൾ കേരളത്തിലുണ്ട്. സമര സഖാക്കൾക്ക് നേരെയുള്ള പോലീസ് വെടിവെപ്പിൽ കൂത്തുപറമ്പിൽ രക്തസാക്ഷിയായ സ. കെ. വി. റോഷൻ വിദ്യാർത്ഥിയായിരുന്നില്ലെ. ഗ്രനേഡും, റ്റിയർ ഗ്യാസും SFI സമരത്തിന് നേരെ പോലീസ് പ്രയോഗിക്കുന്നത് UDF ഭരണത്തിൽ ഒരു സ്ഥിരം സംഭവമായിരുന്നില്ലെ. ഗ്രനേഡ് പൊട്ടി കാലിന് പരിക്കേറ്റ് ഒരു ചെറു മുടന്തോടെ ഈ കേരളത്തിൽ നടന്ന SFI യുടെ സമരനായകൻ സ. പി. ബിജുവിനെ സമര കേരളത്തിന് മറക്കാൻ കഴിയുന്നതാണോ. തല നോക്കി തല്ലാൻ പാഞ്ഞടുക്കുന്ന പോലീസിന് മുന്നിൽ നിരായുധരായി നിന്ന് മുദ്രാവാക്യം വിളിക്കുന്ന SFI ക്കാരുടെ ചിത്രം ചാനൽ ലൈബ്രറികളിൽ ഒരുപാടുണ്ടാവും. തല്ല് കൊണ്ട് തലയും എല്ലും പൊട്ടി ചോരയിൽ കുളിച്ച എത്രയോ SFI ക്കാരെ സമര മുഖങ്ങളിൽ നാം കണ്ടതാണ്. അടിയന്തരാവസ്ഥ കാലത്ത് മർദ്ദനമേറ്റവർ മുതൽ പോലീസ് മർദ്ദനം ഏൽക്കേണ്ടി വന്ന ലക്ഷകണക്കിന് SFI സഖാക്കളുടേത് കൂടിയാണ് ഈ 56 വർഷത്തെ SFI ചരിത്രം.
ഈ അക്രമങ്ങൾക്ക് നേതൃത്വം നൽകിയ ഒരു പോലീസ് ഏമാനെയും തിരിച്ച് അക്രമിക്കാൻ SFI പോയിട്ടില്ല. ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെയും വീട് തേടിയും SFI പോയിട്ടില്ല. അത് SFI യുടെ നയമല്ല. SFI യുടെ ജനാധിപത്യത്തിന് സൗന്ദര്യം പോരാ എന്ന് വിമർശിക്കുന്ന വലത് ബുദ്ധിജീവികളെയും മാധ്യമങ്ങളെയും നാം സ്ഥിരം കാണുന്നതാണ്. എന്നാൽ അവർ കാണാത്ത, കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന ഒരു വസ്തുതയുണ്ട്. 35 വിദ്യാർത്ഥികൾ, അവർ SFI ആയി എന്ന ഒറ്റ കാരണത്തിൽ കേരളത്തിലെ കലാലയങ്ങളിൽ KSU, MSF, ABVP, RSS, NDF ക്യാമ്പസ് ഫ്രണ്ട് തുടങ്ങിയ വലുതപക്ഷ – വർഗ്ഗീയ ശക്തികളുടെ കൊല കത്തിക്ക് ഇരയായി രക്തസാക്ഷികളായിട്ടും SFI എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ കൈ കൊണ്ട് കേരളത്തിലെ ഒരു അന്യവർഗ്ഗ രാഷ്ട്രീയ പ്രസ്ഥാനത്തിലെ വിദ്യാർത്ഥിയും കൊല ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് SFI ഉയർത്തുന്ന ജനാധിപത്യ ബോധത്തെ മഹത്തരമാക്കുന്നത്. സഹനത്തിൻ്റെ ചരിത്രം കൂടിയാണ് SFI യുടേത് എന്ന് മറക്കരുത്.
എന്നാൽ ഇത്തരം പോലീസ് അക്രമണങ്ങൾ കഴിഞ്ഞ 10 വർഷത്തെ ഇടതു ഭരണത്തിന് കീഴിൽ വലിയ നിലയിൽ കുറവ് വന്നത് നമ്മുടെ അനുഭവമാണ്. ജനകീയ സമരങ്ങൾക്കു നേരെയുള്ള പോലീസ് മർദ്ദനം ഇടതു നയമല്ല എന്ന് വ്യക്തമാക്കിയ ഒരു ഗവൺമെൻ്റ് ആണ് കേരളം ഭരിക്കുന്നത്. സർവ്വ മേഖലയിലും എന്നതുപോലെ ചെറിയ ശതമാനം പുഴുക്കുത്തുകൾ പോലീസിലും ഉണ്ട്. അത്തരക്കാർക്ക് എതിരെ ശക്തമായ നടപടി സ്വീകരിച്ചതാണ് സമീപകാല കേരളത്തിലെ നമ്മുടെ അനുഭവം.
ഭരണകൂടത്തിൻ്റെ മർദ്ദനോപാദിയായ പോലിസിനോടല്ല ഞങ്ങളുടെ സമരം. ഭരണകൂടങ്ങളോടും അവയുടെ തെറ്റായ നയങ്ങളോടുമാണ്. വ്യക്തിപരമായ കാരണത്താൽ ഉണ്ടായ ഒരു സംഘർഷത്തെ എങ്ങനെ SFI യുടെ തലയിൽ ഇടാം എന്നാണ് ചിലർ നോക്കുന്നത്. ഒരു സംഘർഷത്തെയും SFI അനുകൂലിക്കുന്നില്ല. ഒരു പോലീസുകാരനെയും തല്ലാൻ SFI ആഹ്വാനം ചെയ്തിട്ടില്ല. എന്നാൽ SFI യെ ആക്രമിക്കാനുള്ള ഒരു വടിയായി SFI യ്ക്ക് ബന്ധമില്ലാത്ത ഇത്തരം വിഷയങ്ങൾ ഉപയോഗിക്കുന്നതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു. മർദ്ദനങ്ങളേക്കാൾ ക്രൂരമായ മാധ്യമ വിചാരണകളിലൂടെ ഈ വിദ്യാർത്ഥി പ്രസ്ഥാനത്തെ തകർക്കാൻ ഈ കാലമത്രയും നോക്കിയിട്ടും അതിന് കഴിയാത്തതിൻ്റെ വൈരാഗ്യം ഞങ്ങളോട് മാധ്യമങ്ങൾക്ക് ഉണ്ടാവുന്നത് സ്വാഭാവികമാണ്. ആ ചോര കൊതിയാണ് നങ്ങളെ കൊണ്ട് ഇത്തരം വാർത്തകൾ SFI ക്കെതിരെ പടച്ചു വിടീപ്പിക്കുന്നത്. സ്നേഹത്തോടെ പറയട്ടെ, ‘നിങ്ങളിത് തുടരുക’. ഇന്ന് ചില ചാനലുകൾ പ്രൈം ടൈമിൽ ഇത് ചർച്ച ചെയ്യുന്നുണ്ടത്രെ…ബഷീർക്ക പറഞ്ഞത് ഓർക്കുന്നു
“ചൊറിയുന്നിടത്ത് മാന്തുന്നിടത്തോളം സുഖമുള്ള മറ്റൊന്നും ഇല്ല.”
നന്നായി ചൊറിയുക…



