പാലായിൽ പാർട്ടി ചെയർമാൻ മത്സരിക്കണമെന്നാണ് നേതാക്കളുടെ ആഗ്രഹം, റോഷി പറഞ്ഞതും അതേ ആഗ്രഹം

കേരള കോൺഗ്രസ് എം ചെയർമാൻ പാലായിൽ മത്സരിക്കുമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ജോസ് കെ മാണി. പാലായിൽ പാർട്ടി ചെയർമാൻ മത്സരിക്കണമെന്നാണ് നേതാക്കളുടെ ആഗ്രഹമെന്നും റോഷിയും അതേ ആഗ്രഹമാണ് പങ്കുവെച്ചതെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.
‘ഇന്നും ഇന്നലെയും മിനിഞ്ഞാന്നും ഞാൻ പറഞ്ഞത് ഒന്ന് തന്നെയാണ്. ചെയർമാൻ മത്സരിക്കണമെന്നാണ് നേതാക്കന്മാരുടെ ആഗ്രഹം. അതേ ആഗ്രഹമാണ് റോഷി അഗസ്റ്റിൻ പറഞ്ഞത്. എല്ലാവരുടെയും അഭിപ്രായം അതാണ്. അക്കാര്യം പാർട്ടി തീരുമാനിക്കുമെന്നും റോഷി പറഞ്ഞിട്ടുണ്ട്. അത് തന്നെയാണ് രീതി. പാർട്ടി തീരുമാനിച്ചു എന്നല്ല പറഞ്ഞത്. മുലപ്പാലിൽ ഉപ്പ് ഉണ്ടോ എന്ന് നോക്കേണ്ട കാര്യമില്ല’ ജോസ് കെ മാണി പറഞ്ഞു.
ജോസ് കെ മാണി പാലായിൽ തന്നെ മത്സരിക്കുമെന്നായിരുന്നു റോഷി അഗസ്റ്റിൻ ഇന്നും ആവർത്തിച്ചത്. താൻ ചോരത്തിളപ്പിൽ പറഞ്ഞതല്ല. പാലായിലുണ്ടായ പിഴവുകൾ പരിഹരിച്ച് മുന്നോട്ടുപോകും. ചെയർമാൻ പറഞ്ഞത് പാർട്ടി തീരുമാനം കൈക്കൊള്ളുമെന്നാണ് അല്ലാതെ മത്സരിക്കില്ല എന്നല്ലെന്നും റോഷി വിശദീകരിച്ചിരുന്നു.
നേരത്തെ എൽഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥ അടിമാലിയിൽ എത്തിയപ്പോഴായിരുന്നു പാർട്ടി ചെയർമാനായ ജോസ് കെ മാണി പാലായിൽ മത്സരിക്കുമെന്ന് റോഷി പറഞ്ഞത്. ഇതിന് പിന്നാലെ വിദ്യാർത്ഥി സംഘടനയിലൂടെ വളർന്നു വന്ന ചോരത്തിളപ്പുള്ള റോഷി സ്നേഹക്കൂടുതൽ കൊണ്ട് പറഞ്ഞ കാര്യമാണിതെന്നും താൻ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും വേറെ വ്യാഖ്യാനങ്ങൾ വേണ്ടെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു.



